പന്നിഫാമിന്റെ മറവിൽ ചാരായ നിർമാണം മുരിങ്ങോടി സ്വദേശിഅറസ്റ്റിൽ

പന്നിഫാമിന്റെ  മറവിൽ ചാരായ നിർമാണം
  മുരിങ്ങോടി സ്വദേശിഅറസ്റ്റിൽ

 
പേരാവൂർ: പന്നിഫാം നടത്തിപ്പിന്റെ മറവിൽ പുരളിമല കേന്ദ്രീകരിച്ചു ചാരായ നിർമ്മാണം നടത്തിവന്ന മുരിങ്ങോടി സ്വദേശിയെ പേരാവൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മുരിങ്ങോടി സ്വദേശി എടച്ചേരി വീട്ടിൽ ഇ. മനോജിനെ ( 49) യാണ് എക്‌സൈസ്  പ്രിവന്റീവ്  ഓഫീസർ എം. പി. സജീവന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ നടത്തുന്ന പന്നിഫാമിന്‌ സമീപത്തുനിന്നും  ചാരായം വാറ്റാൻ പകപ്പെടുത്തി സൂക്ഷിച്ച 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. 
പുരളിമലയിലെ ആൾത്താമസമില്ലാത്ത റബ്ബർതോട്ടത്തിൽ പ്രവർത്തിക്കുന്ന പന്നിഫാമിന്റെ പരിസരത്ത് വ്യാജചാരായ നിർമ്മാണം നടക്കുന്നതായി എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡംഗം പ്രിവൻ്റീവ് ഓഫിസർ എം. പി. സജീവന് ലഭിച്ച  രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മനോജ് വാഷും വാറ്റുപകരണങ്ങളുമായി പിടിയിലാകുന്നത്.   
  പ്രിവന്റീവ്  ഓഫീസർ ജോണി ജോസഫ്, പ്രിവന്റീവ്  ഓഫീസർ (ഗ്രേഡ്) ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, സി. സുരേഷ്, കെ.എ. മജീദ്, പി.എസ്. ശിവദാസൻ എന്നിവരും പരിശോധക സംഘത്തിൽ ഉണ്ടായിരുന്നു. വാഷ് സൂക്ഷിച്ച് വച്ച് കൈകാര്യം ചെയ്ത കുറ്റത്തിനാണ് മനോജിനെതിരെ കേസ്സെടുത്തത്.