സ്വർണപ്പല്ല് 'കെണി'യായി; 15 വർഷത്തിനു ശേഷം പിടികിട്ടാപ്പുള്ളി പിടിയിൽ

സ്വർണപ്പല്ല് 'കെണി'യായി; 15 വർഷത്തിനു ശേഷം പിടികിട്ടാപ്പുള്ളി പിടിയിൽ


മുംബൈ: 15 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്യാൻ മുംബൈ പൊലീസിനെ സഹായിച്ചത് അയാളുടെ സ്വർണപ്പല്ല്. ഒളിവിൽ പോയ പ്രതിയെ, സ്വർണം പൂശിയ പല്ല് ഉള്ളതുകൊണ്ട് തിരിച്ചറിയുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 38കാരനായ ഇയാൾ  പിടിക്കപ്പെടാതിരിക്കാൻ ഗുജറാത്തിലെ കച്ചിലാണ് ഒളിച്ചുതാമസിച്ചിരുന്നത്.

പ്രവീൺ അശുഭ ജഡേജ അഥവാ പ്രവീൺ സിംഗ്  എന്നയാളാണ് 15 വർഷത്തിനു ശേഷം പിടിയിലായത്.  പ്രദീപ് സിംഗ് അശുഭ ജഡേജ എന്നും ഇയാൾക്ക് പേരുണ്ട്. ഇയാൾക്കെതിരെ വഞ്ചനയ്ക്കും പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനുമാണ്  കേസെടുത്തിട്ടുള്ളത്.  കേസിൽ അറസ്റ്റ് ചെയ്ത ഇയാൾക്ക് കുറച്ച് ദിവസങ്ങൾക്ക് ശേഷം ജാമ്യം ലഭിച്ചിരുന്നു, പിന്നാലെ ഇയാൾ മുംബൈയിൽ നിന്ന് ഒളിവിൽപ്പോവുകയായിരുന്നു. തുടർന്നാണ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. 

2007ൽ ഒരു തുണിക്കടയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഒരു വ്യാപാരിയിൽ നിന്ന് പിരിച്ചെടുത്ത പണം മോഷണം പോയെന്ന്  പറഞ്ഞ് കടയുടമയെയും പൊലീസിനെയും ഇയാൾ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ശുചിമുറിയിൽ നിന്ന് പണമടങ്ങിയ തന്റെ ബാഗ്  ആരോ മോഷ്ടിച്ചെന്ന് പറഞ്ഞാണ് പ്രവീൺ പൊലീസിനെയും കടഉടമയെയും തെറ്റിദ്ധരിപ്പിച്ചത്.  പ്രവീൺ പണം കൈവശം വച്ചിരുന്നതായി  പിന്നീട് നടത്തിയ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയായിരുന്നു.  
 
ഒളിവിൽ പോയ പ്രവീണിനായി വീണ്ടും തെരച്ചിൽ ആരംഭിച്ചിരുന്നു.  പ്രവീണിന്റെ കൂട്ടാളികളോട് അന്വേഷിച്ചതിൽ നിന്ന് കച്ചിലെ സബ്രായി ഗ്രാമത്തിൽ ഇയാൾ ഒളിവിൽ കഴിയുന്നതായി പൊലീസിന് സൂചന ലഭിച്ചു. പൊലീസ് എൽഐസി ഏജന്റുമാരായി എത്തി  പ്രവീണിനെ മുംബൈയിലേക്ക് വിളിക്കുകയായിരുന്നു. സ്വർണപ്പല്ല് കണ്ടതോടെ എത്തിയത് പ്രവീൺ തന്നെയാണെന്ന് സ്ഥിരീകരിക്കുകയും  അറസ്റ്റ് ചെയ്യുകയുമായിരുന്നു.