തുർക്കി ഭൂകമ്പം: മരണം 22000 കടന്നു; രക്ഷപ്പെട്ടവർക്ക് കൊടും ശൈത്യം വെല്ലുവിളി

തുർക്കി ഭൂകമ്പം: മരണം 22000 കടന്നു; രക്ഷപ്പെട്ടവർക്ക് കൊടും ശൈത്യം വെല്ലുവിളിതുർക്കിയിൽ ഭൂകമ്പത്തിൽ മരണം 22000 കടന്നതായി റിപ്പോർട്ട്. അഞ്ചാം ദിവസവും പ്രതീക്ഷകളോടെ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദ് ഇന്ന് ആദ്യമായി ഭൂകമ്പ ബാധിത മേഖലകൾ സന്ദർശിച്ചു. 

നിമിഷം നേരം കൊണ്ട് സർവവും തകർന്നടിഞ്ഞിട്ടും തുർക്കിയിൽ പ്രതീക്ഷകൾ ഇന്നും അസ്തമിച്ചിട്ടില്ല. തകർന്നടിഞ്ഞു വീണു കിടക്കുന്ന കോൺക്രീറ്റ് കൂനകൾക്ക് മുന്നിൽ ഊണും ഉറക്കവുമില്ലാതെ ശ്വാസമടക്കിപ്പിച്ച് കൊണ്ട് ഉറ്റവർക്കായുള്ള കാത്തിരിപ്പ് തുടരുകയാണ് പലരും. ഞരക്കങ്ങൾക്കായി കാതോർത്ത്കൊണ്ട് ഈ മണിക്കൂറുകളിലും രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.


കോൺക്രീറ്റ് മലക്കുള്ളിലേക്ക് ഊളിയിട്ട് ഓരോ പുതിയ ശരീരവും കൊണ്ട് അവർ തിരിച്ചെത്തുമ്പോഴും, തെരുവുകളിൽ ആരവങ്ങൾ ഉയരും. പുറത്തെടുത്ത ആളിന് ജീവനില്ലെന്ന് അറിയുമ്പോൾ, അത് ബന്ധുക്കളുടെ ആർത്തനാദങ്ങളായി മാറും. മണിക്കൂറുകൾക്കുള്ളിൽ അതേ തെരുവിൽ, ജീവനോടെ മറ്റൊരാളെ പുറത്തെടുക്കും. അള്ളാഹു അക്ബർ വിളികൾ തെരുവിനെ പ്രകമ്പനം കൊള്ളിക്കും.

സിറിയയിലും തുർക്കിയിലും അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ജീവനോടെ വലിച്ചു പുറത്തെടുത്തവരിൽ ചിലരെങ്കിലും ആശുപത്രികളിൽ മരണത്തോട് മല്ലടിക്കുന്നുണ്ട്. വിമത നിയന്ത്രണത്തിലുള്ള വടക്കൻ സിറിയയിലേക്ക് ആദ്യ യുഎൻ സഹായം എത്തിയെങ്കിലും, അത് ഒന്നിനും തികയില്ലെന്ന് ആക്ഷേപമുണ്ട്. 


അതിനിടെ സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദ് ഇന്ന് ആദ്യമായി ഭൂകമ്പ ബാധിത മേഖലയായ അലെപ്പോ സന്ദർശിച്ചു. ഭൂകമ്പമുണ്ടായതിനു ശേഷം പ്രസിഡന്റ് നടത്തുന്ന ആദ്യത്തെ സന്ദർശനം. അതിനിടെ ലോകബാങ്ക് തുർക്കി സിറിയ ഭൂകമ്പ പുനരുദ്ധാരണത്തിനായി ഇന്ന്, 1.78 ബില്യൺ ഡോളറിന്റെ ധനസഹായം അനുവദിച്ചു. അമേരിക്കയും 85 മില്യൺ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചു.


ഭൂകമ്പ ശേഷമുള്ള അഞ്ചാം രാത്രിയിലും തുർക്കിയുടെ തെരുവുകളിൽ കടുത്ത ശൈത്യമാണ്. ആയിരക്കണക്കിന് കുടുംബങ്ങൾ ഇന്നും അന്തിയുറങ്ങാൻ പോവുന്നത് കാറുകളിലും താത്കാലിക ടെന്റുകളിലുമാണ്. ഭൂകമ്പത്തിൽ നിലംപൊത്താതെ അതിജീവിച്ച പള്ളികളും സ്‌കൂളുകളും മറ്റും അഭയാർത്ഥികൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്. കിടക്കകൾക്കും കമ്പിളി പുതപ്പുകൾക്കും ക്ഷാമമുണ്ട്. കുട്ടികളെ പുതപ്പിച്ചു കിടത്തി, തണുപ്പിനെ ചെറുക്കാൻ രാത്രി മുഴുവൻ തെരുവിലൂടെ നടക്കാൻ നിർബന്ധിതരാണ് രക്ഷിതാക്കളിൽ പലരും.