
കോഴിക്കോട്: ബൈക്കിൽ കടത്തിയ 32 ലിറ്റർ മാഹി വിദേശമദ്യവുമായി രണ്ടു പേർ എക്സൈസിൻ്റെ പിടിയിലായി. എ ടി സഞ്ജു (29), പി കെ സനീഷ് (30) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. വടകര എക്സൈസ് റേഞ്ച് സംഘം ജോയിന്റ് എക്സൈസ് കമ്മീഷണർ സ്‌ക്വാഡിലെ സിവിൽ എക്സൈസ് ഓഫീസർ രാഗേഷ് ബാബു ജി ആർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ -കോഴിക്കോട് ദേശീയ പാതയിൽ സ്ഥിതി ചെയ്യുന്ന ചോറോട് റെയിൽവേ മേൽപ്പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
32 ലിറ്റർ മാഹി വിദേശ മദ്യം കെ എൽ 56 യു 2877 നമ്പർ ബജാജ് പൾസർ ബൈക്കിൽ കടത്തവെയാണ് അറസ്റ്റ്. വടകര എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത് ടി ജെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജേഷ് പി, വിനീത് എം പി, സിനീഷ് കെ, മുസ്‌ബിൻ ഇ എം എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. അഥേസമയം, അനധികൃതമായി വിദേശ മദ്യം വില്‍പ്പനയ്ക്കായി കൊണ്ടുപോകവേ യുവാവ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
കൂരാച്ചുണ്ട് കക്കയം സ്വദേശി പടന്നയിൽ പി കെ സതീഷിനെയാണ് (38) എക്സൈസ് റെയ്ഞ്ച് സംഘം അറസ്റ്റ് ചെയ്തത്. മോട്ടോർ ബൈക്കില്‍ മദ്യം കടത്തവെയാണ് യുവാവ് പിടിയിലായത്. തൊട്ടിൽപാലം ഓടങ്കോട് എക്സൈസ് പാര്‍ട്ടി നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ഇയാളിൽ നിന്നും ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് വാങ്ങിയ ഒമ്പത് ലിറ്റർ വിദേശ മദ്യം അധികൃതർ പിടികൂടി.
മദ്യം കടത്താനുപയോഗിച്ച പൾസർ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. ചില്ലറ വില്‍പ്പന നടത്താനായി മദ്യം കൊണ്ടു പോകവെയാണ് ഇയാൾ പിടിയിലായതെന്ന് എക്സൈസ് സംഘം പറഞ്ഞു. എക്സൈസ് അസിസ്റ്റന്‍റ് ഇൻസ്പെക്ടർ കെ.വി. മുരളിയുടെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ്. കെ. ജയൻ. കെ.കെ, ഷിരാജ് കെ. ഡ്രൈവർ പ്രജീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.