ഭൂകമ്പ ദുരിത ബാധിത മേഖലയില്‍ കോളറ അടക്കമുള് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അങ്കാറ : തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 34,000 കടന്നു. ഞായറാഴ്ച വരെയുള്ള തിരച്ചിലില്‍ 34,179 മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂടുതല്‍ ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന സൂചനയുള്ളതിനാല്‍ തിരച്ചില്‍ തുടരുകയാണ്.
തുര്‍ക്കിയില്‍ മാത്രം 29,605 മരണം റിപ്പോര്‍ട്ട് ചെയ്തുവെരന്ന് തുര്‍കിഷ് എമര്‍ജന്‍സി കോര്‍ഡിനേഷന്‍ സെന്റര്‍ 'സാകോം' അറിയിച്ചു. സിറിയയില്‍ 4,574 മരണം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 3160 പേരും പ്രതിപക്ഷം കൈവശം വയ്ക്കുന്ന വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ നിന്നുള്ളവരാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സിറിയയുടെ ഭാഗത്ത് 1414 പേരാണ് മരണപ്പെട്ടിരിക്കുന്നതെന്ന് വാര്‍ത്ത ഏജന്‍സിയായ സന പറയുന്നു. അതേസമയം, വിമത വിഭാഗങ്ങള്‍ പിടിച്ചടക്കയിരിക്കുന്ന മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
അതിനിടെ, തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ദക്ഷിണ നഗരമായ കഹ്രമാന്‍മരാസില്‍ ഞായറാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച ഉണ്ടായ 7.8 തീവ്രതയുള്ള ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമാണിവിടം.
ഭൂകമ്പ ദുരിത ബാധിത മേഖലയില്‍ കോളറ അടക്കമുള് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തര വൈദ്യസഹായവും മരുന്നുകളും എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
അതിനിടെ, അഫ്ഗാനിസ്താനിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രതയുള്ള ഭൂചലനമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 6.47 ഓടെ അനുഭവപ്പെട്ടത്. തെക്കുകിഴക്കന്‍ മേഖലയായ ഫയ്‌സാബാദാണ് പ്രഭവകേന്ദ്രം.
സിക്കിമിലെ യുക്‌സോമിലും ഭൂചലനം അനുഭവപ്പെട്ടു. 4.3 തീവ്രതയുള്ള ഭൂചലനമാണ് തിങ്കളാഴ്ച പുലര്‍ച്ചെ അനുഭവപ്പെട്ടത്.