ഇരിട്ടി: ഇരിട്ടിയിലെ ശാസ്ത്രീയ സംഗീത പഠന സ്ഥാപനമായ കല്ല്യാണി സ്‌കൂൾ ഓഫ് കർണ്ണാട്ടിക് മ്യൂസിക്കിന്റെ എട്ടാം വാർഷികാഘോഷം 4 ന് മുൻസിപ്പൽ ഓപ്പൺ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 5 .30 ന് സാമൂഹിക, സാംസ്‌കാരിക , പരിസ്ഥിതി പ്രവർത്തകൻ വിജയ് നീലകണ്ഠൻ ഉദ്‌ഘാടനം ചെയ്യും. അഡ്വ. സണ്ണിജോസഫ് എം എൽ എ, നഗരസഭാ അദ്ധ്യക്ഷ കെ. ശ്രീലത എന്നിവർ വിശിഷ്ടാതിഥികളാകും. തുടർന്ന് കല്ല്യാണി സ്‌കൂൾ ഓഫ് മ്യൂസിക്ക് അവതരിപ്പിക്കുന്ന ഗസൽ, മലയാളം, ഹിന്ദി, തമിഴ്, കെ പി എ സി നാടകഗാനങ്ങൾ എന്നിവ കോർത്തിണക്കിക്കൊണ്ടുള്ള ഗാനാമൃതം സംഗീത പരിപാടി എന്നിവയും നടക്കും. കല്യാണി സ്‌കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ ബിന്ദു സുരേഷ്, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ഡി. വിജയകുമാർ, ഗീതാ അജേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.