തുര്‍ക്കി-സിറിയ ഭൂചലനം: മരണസംഖ്യ 41,000 കടന്നു

തുര്‍ക്കി-സിറിയ ഭൂചലനം: മരണസംഖ്യ 41,000 കടന്നു


അങ്കാറ: തുര്‍ക്കി- സിറിയ അതിര്‍ത്തിയില്‍ ഈ മാസം ആറിനുണ്ടായ 7.8 തീവ്രതയുള്ള ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 41,000 കവിഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് വോയിസ് ഓഫ് അമേരിക്ക വ്യക്തമാക്കി. വ്യാഴാഴ്ച കഹ്രമന്‍മാറയില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് സ്ത്രീകളെ പുറത്തെടുത്തു. ദുരന്തം നടന്ന് ഒമ്പതാം നാളിലും അങ്കാറയില്‍ നിന്ന് രണ്ട് കുട്ടികളെയും അമ്മയേയും രക്ഷപ്പെടുത്തി.

ഭൂകമ്പം പതിനായിരക്കണക്കിന് ആളുകളെയാണ് ഭവനരഹിതരാക്കിയത്. കൊടുംതണുപ്പും വിശപ്പും മൂലം അലയുന്ന ജനതയുടെ ദുരിതമാണ് ഇപ്പോള്‍ രക്ഷാദൗത്യത്തിന് മുന്നിലുള്ള വലിയ വെല്ലുവിളി. സാധ്യമായ എല്ലാ സഹായവും ഇവര്‍ക്ക് എത്തിക്കുന്നതായും രക്ഷാസംഘം വ്യക്തമാക്കി.

തുര്‍ക്കിയിലും സിറിയയിലും ഇന്ത്യന്‍ സേനയുടെ സഹായം എത്തിക്കുന്നുണ്ട്. ഇതിനു പുറമേ യു.എന്‍ ഡിസ്എന്‍ഗേജ്‌മെന്റ് ഒബ്‌സര്‍വര്‍ ഫോഴ്‌സില്‍ അംഗങ്ങളായ സേനയും അലപ്പോയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

കേന്ദ്രസര്‍ക്കാരും രാജ്യാന്തര സമൂഹവും അയച്ചുനല്‍കിയ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഇവിടെ വിതരണം ചെയ്തു. 'ഓപറേഷന്‍ ദോസ്ത്' എന്ന പേരിലാണ് ഇന്ത്യയുടെ ദൗത്യം. ജീവന്‍രക്ഷാ മരുന്നുകള്‍ തുര്‍ക്കിയിലും സിറിയയിലും എത്തിച്ചതായി ആരോഗ്യ മന്ത്രാലയവും അറിയിച്ചു.