ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ; ഭൂചലനത്തിൽ മരണം 4300 ആയി ഉയർന്നു, സഹായഹസ്തവുമായി ഇന്ത്യ

ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ; ഭൂചലനത്തിൽ മരണം 4300 ആയി ഉയർന്നു, സഹായഹസ്തവുമായി ഇന്ത്യ


അങ്കാറ: തുർക്കി-സിറിയൻ അതിർത്തി മേഖലയിലെ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4300 കടന്നു. തുർക്കിയിൽ മാത്രം 2,900 പേർ കൊല്ലപ്പെട്ടതായും 15,000ൽ ഏറെ പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണ്. ഇന്ത്യയിൽ നിന്ന് ആദ്യബാച്ച് രക്ഷാ പ്രവർത്തക സംഘം പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് തുർക്കിയിൽ 2379 പേരും സിറിയയിൽ 1,444 പേരുമാണ് കൊല്ലപ്പെട്ടത്. 

മരണസംഖ്യ ഇനിയും ഉയരുമെന്നും എത്രത്തോളമെന്ന് കണക്കാക്കാനായിട്ടില്ലെന്നും തുർക്കി പ്രസിഡന്റ് അറിയിച്ചു. സിറിയയിൽ ഇതുവരെ 1,500ലേറെപ്പേർ മരിച്ചു. ഇരുരാജ്യങ്ങളിലും മരണസംഖ്യ എട്ട് മടങ്ങ് വർധിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. ഇതുവരെ 14,000ലധികം പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ പലരുടേയും നില അതീവ ഗുരുതരമാണ്. നിരവധി പേരാണ് കെട്ടിടങ്ങൾക്ക് ഉള്ളിൽ കുടുങ്ങിക്കിടക്കുന്നത്.