പുതിയ ഹജ്ജ് നയം: അപേക്ഷ ഫോമുകൾ സൗജന്യം; ഹജ്ജ് പാക്കേജ് 50,000 രൂപയായി കുറച്ചു

പുതിയ ഹജ്ജ് നയം: അപേക്ഷ ഫോമുകൾ സൗജന്യം; ഹജ്ജ് പാക്കേജ് 50,000 രൂപയായി കുറച്ചു


ന്യൂഡല്‍ഹി: സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, വികലാംഗര്‍ എന്നിവര്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്ന പുതിയ ഹജ്ജ് നയം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് നാലോ അതിലധികമോ പേരുള്ള ഒരു സംഘത്തിനൊപ്പം പുരുഷ കൂട്ടാളിയില്ലാതെ (മെഹ്റം) യാത്ര ചെയ്യാന്‍ ആദ്യമായി അവസരം നല്‍കിയ മുന്‍ നയത്തിൽ (2018-22) നിന്ന് വ്യത്യസ്തമായി പുതിയ നയത്തിൽ പുരുഷ കൂട്ടാളിയില്ലാത്ത നാലോ അതിലധികമോ സ്ത്രീകൾക്ക് ഒരു ഗ്രൂപ്പായി അപേക്ഷിക്കാനുള്ള അവസരവുംനല്‍കുന്നുണ്ട്.

മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഇന്ത്യന്‍ ഹജ് കമ്മിറ്റി അവരെ ഗ്രൂപ്പുകളായി തിരിക്കും. ‘സൗദി അറേബ്യയുടെ നിബന്ധനകള്‍ക്ക് വിധേയമായി പങ്കാളിയില്ലാത്ത സ്ത്രീകള്‍ക്കും ഹജ്ജിന് അപേക്ഷിക്കാം, ഇന്ത്യയിലെ ഹജ് കമ്മിറ്റി വിഭാഗത്തിന് കീഴില്‍ അപേക്ഷിച്ച സ്ത്രീകളെ ഒരു ഗ്രൂപ്പായി രൂപീകരിക്കും.’പുതിയ ഹജ്ജ്‌നയം തീര്‍ഥാടകര്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കുന്നതാണെന്ന്’ ന്യൂനപക്ഷകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. മാത്രമല്ല, ഹജ്ജ്‌ പാക്കേജ് ചെലവ് ഏകദേശം 50,000 രൂപയായി കുറച്ചിട്ടുമുണ്ട്.


1,75,025 പേര്‍ക്കാണ് ഇത്തവണ ഹജ്ജിന് അവസരം ലഭിക്കുക. അതേസമയം, ഇത്തവണത്തെ അപേക്ഷകള്‍ സ്വീകരിക്കാന്‍ ഇതുവരെ തുടങ്ങിയിട്ടില്ല. പുതിയ നയത്തിന് കീഴില്‍ സ്ത്രീകള്‍, കുട്ടികള്‍, അംഗപരിമിതർ, പ്രായമായവര്‍ എന്നിവര്‍ക്കായി കൂടുതല്‍ എംബാര്‍ക്കേഷന്‍ പോയിന്റുകളും പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം ട്വീറ്റില്‍ വ്യക്തമാക്കി. എംമ്പാര്‍ക്കേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 25 ആക്കി വര്‍ദ്ധിപ്പിച്ചു.

ഈ വര്‍ഷം മുതല്‍ സൗദി അറേബ്യയുമായുള്ള കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് അനുവദിച്ചിട്ടുള്ള മൊത്തം ക്വാട്ടയില്‍ 70:30 എന്ന അനുപാതത്തിന് പകരം 80 ശതമാനം സര്‍ക്കാരിനും 20 ശതമാനം സ്വകാര്യ മേഖലക്കുമായി അനുവദിക്കും. ഹജ് പാക്കേജ് ചെലവില്‍ ഏകദേശം 50,000 രൂപ കുറക്കുകയും കുടകള്‍, ബാഗുകള്‍, ബെഡ് ഷീറ്റുകള്‍ തുടങ്ങിയ സാധനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കില്ലെന്നും, തീര്‍ഥാടകര്‍ക്ക് തന്നെ ഇവ ക്രമീകരിക്കാവുന്നതാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.


മെഡിക്കല്‍ അധികൃതർ സാക്ഷ്യപ്പെടുത്തിയതു പ്രകാരം, ഒറ്റക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത അംഗപരിമിതർക്ക് ഹജ്ജിന് അപേക്ഷിക്കുമ്പോള്‍, മറ്റ് കുറവുകളില്ലാത്ത രക്തബന്ധമുള്ള ഒരു വ്യക്തി ഒപ്പം ഉണ്ടായിരിക്കണമെന്ന് പുതിയ നയം വ്യക്തമാക്കുന്നു. ഇതിന് പുറമെ, 70 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത്, ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന തീര്‍ഥാടകര്‍ക്ക് ഒരു സഹയാത്രികന്‍ നിര്‍ബന്ധമാണ്.

അതേസമയം, ഭാര്യാഭര്‍ത്താക്കന്മാര്‍ റിസര്‍വ്ഡ് വിഭാഗത്തിന് കീഴിലാണ് യാത്ര ചെയ്യുന്നതെങ്കില്‍, ഇരുവരും 70 വയസ്സിന് മുകളിലുള്ളവരാണെങ്കില്‍, ഇവര്‍ക്ക് രക്തബന്ധമുള്ള രണ്ട് സഹയാത്രികരെ അനുവദിക്കുന്നുണ്ടെന്നും പുതിയ നയത്തിൽ വ്യക്തമാക്കുന്നു. അതേസമയം, ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിഐപി ക്വാട്ട നിര്‍ത്തിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പുറപ്പെടുവിച്ചിരുന്നു. വിഐപി സംസ്‌കാരം നിര്‍ത്തലാക്കുക എന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഈ തീരുമാനമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അറിയിച്ചു