കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; ടീച്ചർക്കെതിരെ അന്വേഷണം

കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; ടീച്ചർക്കെതിരെ അന്വേഷണം


കണ്ണൂർ: കണ്ണൂർ പെരളശ്ശേരിയിൽ എട്ടാം ക്ലാസുകാരി റിയ പ്രവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ടീച്ചർക്കെതിരെ അന്വേഷണം. പെരളശ്ശേരി ഹയർ സെക്കന്‍ററി സ്കൂളിലെ അധ്യാപികയാണ് തന്‍റെ മരണത്തിന് ഉത്തരവാദി എന്ന് കുറിപ്പ് എഴുതി വച്ചാണ് കുട്ടി ജീവനൊടുക്കിയത്. സ്കൂളിലെ ചുവരിൽ മഷിയാക്കിയതിന് കുട്ടിയെ ശകാരിക്കുകയും രക്ഷിതാക്കളെ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ചക്കരക്കൽ പൊലീസിൻ്റെ നിഗമനം. ടീച്ചറുടെ മൊഴി എടുത്ത ശേഷം കേസ് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. 

ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാണ് ഐവർ കുളത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഐവർ കുളം സ്വപ്നക്കൂട് പ്രവീണിന്റെ മകൾ റിയ പ്രവീൺ ആണ് മരിച്ചത്. പതിമൂന്ന് വയസ്സായിരുന്നു. പെരളശ്ശേരി എകെജി ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് റിയ പ്രവീൺ. വീട്ടിലെ കിടപ്പ് മുറിയിലെ ജനൽ കമ്പിയിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. റിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് പഞ്ചായത്ത് സ്മശാനത്തിൽ സംസ്കരിക്കും.