കിണറ്റിൽ കുടുങ്ങിയ പുലിയെ സാഹസികമായി കൂട്ടിലാക്കി വനിതാ വെറ്ററിനറി ഡോക്ടർ, മേഘനയ്ക്ക് അഭിനന്ദന പ്രവാഹം

കിണറ്റിൽ കുടുങ്ങിയ പുലിയെ സാഹസികമായി കൂട്ടിലാക്കി വനിതാ വെറ്ററിനറി ഡോക്ടർ, മേഘനയ്ക്ക് അഭിനന്ദന പ്രവാഹം


ബെംഗളുരു : കിണറ്റിൽ കുടുങ്ങിയ പുലിയെ സാഹസികമായി രക്ഷിച്ച് വനിതാ വെറ്ററിനറി ഡോക്ടറും സംഘവും. മംഗളുരുവിലെ നിഡ്ഡോഡിയിലാണ് പുലി കിണറ്റിൽ വീണത്. 25 അടി താഴ്ചയുള്ള കിണറ്റിലാണ് പുലി കുടുങ്ങിയത്. വനംവകുപ്പെത്തി പല തവണ ശ്രമിച്ചിട്ടും പുലിയെ വലയിലാക്കാനോ കൂട്ടിലാക്കാനോ കഴിഞ്ഞില്ല. തുടർന്നാണ് ചിട്ടേ പിള്ളി എന്ന വെറ്ററിനറി ഡോക്ടർമാരുടെ സംഘത്തിന്‍റെ സഹായം വനംവകുപ്പ് തേടിയത്.

ഡോ. മേഘന, ഡോ. യശസ്വി എന്നിവർ സ്ഥലത്തെത്തി പരിസരം പരിശോധന നടത്തി. തുടർന്ന് ഡോ. മേഘനയെ കൂട്ടിലാക്കി കിണറ്റിലിറക്കാൻ തീരുമാനിച്ചു. പുലിയെ മയക്കുവെടി വയ്ക്കാനുള്ള തോക്കുമായി ഡോ. മേഘന കിണറ്റിൽ ഇറങ്ങി. പുലിയെ വെടിവക്കുകയും അത് മയങ്ങിയ ശേഷം കൂട്ടിലാക്കി തിരികെ കയറുകയുമായിരുന്നു. പിന്നീട് പുലിയെ വനംവകുപ്പ്  കാട്ടിലേക്ക് തന്നെ തുറന്നുവിട്ടു. ഇരു ഡോക്ടർമാർക്കും സംഘത്തിനും വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ് ഇപ്പോൾ. അതിസാഹസികമായി പുലിയെ പിടികൂടുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. 

അതേസമയം കർണാടകയിലെ തുമക്കുരുവിൽ സിമന്‍റ് പൈപ്പിനുള്ളിൽ പുലിയുടെ ജഡം കണ്ടെത്തി. അങ്കസാന്ദ്ര ഫോറസ്റ്റ് റിസർവിനുള്ളിലാണ് പുലിയുടെ മൃതദേഹം കണ്ടത്. ഇതാദ്യമായാണ് ഈ മേഖലയിൽ പുലിയെ കാണുന്നതെന്ന് നാട്ടുകാർ പറയുന്നത്. പുലിയെ കൊന്ന് കൊണ്ടിട്ടതാണെന്ന നിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. സ്ഥലത്ത് പരിശോധന ആരംഭിച്ചു.