സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; ആകാശ് തില്ലങ്കേരി അടക്കം മൂന്ന് പ്രതികൾക്ക് ജാമ്യം

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; ആകാശ് തില്ലങ്കേരി അടക്കം മൂന്ന് പ്രതികൾക്ക് ജാമ്യം


കണ്ണൂർ: സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്ഐ പ്രവർത്തകയുടെ പരാതിയിൽ ആകാശ് തില്ലങ്കേരി ഉൾപ്പടെ മൂന്ന് പ്രതികൾക്ക് ജാമ്യം ലഭിച്ചു. ആകാശ് നേരിട്ട് കോടതിയിൽ ഹാജരായി. ആകാശ് തില്ലങ്കേരിക്ക് പുറമേ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഇവരെ ഇന്ന് ഉച്ചയോടെ പൊലീസ് പിടികൂടിയിരുന്നു. 

മന്ത്രി എം ബി രാജേഷിന്‍റെ ഡ്രൈവറുടെ ഭാര്യയും ഡിവൈഎഫ്ഐ പ്രവർത്തകയുമായ ശ്രീലക്ഷ്മിയാണ് പരാതിക്കാരി. ഫേസ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നാണ് ശ്രീലക്ഷ്മി അനൂപിൻ്റെ പരാതി. ഡിവൈഎഫ്ഐ കമ്മിറ്റിയിൽ ആകാശിനെതിരെ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും ആകാശും സുഹൃത്തുക്കളും തന്നെ ഫേസ്ബുക്കിലൂടെ അധിക്ഷേപിക്കുകയാണെന്നും പരാതിയിൽ പറയുന്നു. ശ്രീലക്ഷ്മി അനൂപിന്‍റെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്നു ആകാശ് തില്ലങ്കേരി. 

അതേസമയം, പാർട്ടി ആഹ്വാനപ്രകാരമാണ് കൊലപാതകം നടത്തിയത് എന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് സമൂഹമാധ്യമങ്ങളിൽ ആകാശിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും പരസ്പരം വാക്പോര് തുടരുന്നുണ്ട്.  ആകാശിന്റെ ക്വട്ടേഷൻ പ്രവർത്തനങ്ങൾ തുറന്നുകാട്ടി ഈ സംഘത്തിനെതിരെ പ്രതിരോധം തീർക്കുമെന്നാണ് ഡിവൈഎഫ്ഐ വ്യക്തമാക്കിയത്.