വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ഇന്ന് ബെംഗളൂരുവിലേക്ക്; യാത്ര എഐസിസി ഏര്‍പ്പാടാക്കിയ ചാര്‍ട്ടേഡ് വിമാനത്തില്‍

വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ഇന്ന് ബെംഗളൂരുവിലേക്ക്; യാത്ര എഐസിസി ഏര്‍പ്പാടാക്കിയ ചാര്‍ട്ടേഡ് വിമാനത്തില്‍


photo-mangalam

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. എഐസിസി ഏര്‍പ്പാടാക്കിയ ചാര്‍ട്ടേഡ് വിമാനത്തിലായിരിക്കും അദ്ദേഹത്തെ ബെംഗളൂരുവിലെത്തിക്കുക. ന്യുമോണിയ ഭേദമായി ആരോഗ്യ നില തൃപ്തികരമായ സാഹചര്യത്തിലാണ് വിദഗ്ധ ചികിത്സയ്ക്കായ് അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് മാറ്റുന്നത്.

ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉമ്മന്‍ചാണ്ടിയെ തിരുവനന്തപുരത്തെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയ ഭേദമായാല്‍ അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റുന്ന കാര്യം നേരത്തെ തീരുമാനിച്ചിരുന്നു. അതേസമയം ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന ബന്ധുക്കളുടെ ആരോപണം വ്യാജമാണെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഒരു മകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒപ്പം ചികിത്സയ്ക്ക് കുടുംബം സഹകരിക്കുന്നില്ലയെന്നത് തെറ്റായ വാര്‍ത്തയാണെന്നും എല്ലാ മെഡിക്കല രേഖകളും തന്റെ പക്കലുണ്ടെന്നും സമയമാകുമ്പോള്‍ ചികിത്സാ വിവരങ്ങള്‍ പുറത്തുവിടുമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. കൂടാതെ വ്യാജപ്രചരണങ്ങളില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നിര്‍ദ്ദേശാനുസരണം ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിനെ ബെംഗളൂരുവിലെത്തിക്കുന്നതിനായ് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പാടാക്കിയതായും കെ.സി വേണുഗോപാല്‍ അറിയിച്ചു