
തിരുവനന്തപുരം:പണം കൊടുത്താല്‍ പരിശോധനയില്ലാതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നത് സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടിനെതുടര്‍ന്ന് സര്‍ക്കാര്‍ തിരുത്തല്‍ നടപടി തുടങ്ങി. ഹെല്‍ത്ത് കാര്‍ഡ് അനുവദിക്കുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ വീഴ്ചയുണ്ടായെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു .ഡോക്ടര്‍മാര്‍ നടപടി ക്രമങ്ങള്‍ പാലിക്കുന്നു എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തണം.അപേക്ഷകനെ ഡോക്ടര്‍ നേരിട്ട് പരിശോധിക്കണം.രക്ത പരിശോധന, ശാരീരിക പരിശോധന, കാഴ്ച ശക്തി പരിശോധന, ത്വക്ക്, നഖങ്ങള്‍ എന്നിവയുടെ പരിശോധന നടത്തണം.ടൈഫോഴ്ഡ്, മഞ്ഞപ്പിത്തം ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന വേണം.ക്ഷയ രോഗ ലക്ഷണമുണ്ടെങ്കില്‍ കഫ പരിശോധന വേണം.പരിശോധനാ ഫലങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ.വിരശല്യത്തിനെതിരെയുള്ള വാക്സിന്‍ നല്‍കണം.ടൈഫോയ്ഡിനെതിരെയുള്ള വാക്സിന്‍ പൂര്‍ത്തീകരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡ് ഒരു പരിശോധനയുമില്ലാതെ പണം കൊടുത്താൽ ഇഷ്ടം പോലെ കിട്ടുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായത്. എല്ലാ തരത്തിലുമുള്ള ആരോഗ്യപരിശോധനക്ക് ശേഷം മാത്രമേ ഹോട്ടൽ ജീവനക്കാർക്ക് കാർഡ് നൽകാവൂ എന്നാണ് വ്യവസ്ഥ. എന്നാൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ RMO,300 രൂപ വീതം വാങ്ങി പരിശോധനയൊന്നുമില്ലാതെ ഹെൽത്ത് കാർഡ് നൽകുകയാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.