കൊട്ടിയൂർ പാലുകാച്ചിയിൽ പുലിയുടെ സാന്നിധ്യം

കൊട്ടിയൂർ പാലുകാച്ചിയിൽ പുലിയുടെ സാന്നിധ്യംകേളകം: കൊട്ടിയൂർ പാലുകാച്ചിയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തി. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
മേഖലയിലെ കർ‌ഷകന്റെ പശുവിനെ പുലി ആക്രമിച്ചതോടെയാണ് ക്യാമറ സ്ഥാപിച്ചത്. പുലിയുടെ സാന്നിധ്യം കണ്ടെത്തിയത് വനാതിർത്തിയിലെന്നാണ് വനംവകുപ്പ് പറയുന്നത്.

കൊട്ടിയൂർ പഞ്ചായത്തിലെ പാലുകാച്ചിയിൽ നാളുകളായി തന്നെ പുലിയുടെ സാന്നിധ്യം സംബന്ധിച്ച് ആശങ്ക നാട്ടുകാർ ഉന്നയിച്ചിരുന്നു. ഈ മേഖലയിൽ നടാംങ്കണ്ടത്തിൽ ഉലഹന്നാൻ എന്ന കർഷകന്റെ പശുക്കിടാവിനേയും അ‍ഞ്ജാത ജീവി ആക്രമിക്കുകയും, ഭക്ഷിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് പുലിയാണെന്ന് കർഷകനും ,നാട്ടുകാരും ഉന്നയിച്ചിരുന്നു. പിന്നാലെ ഈ മേഖല കേന്ദ്രീകരിച്ച് വലിയ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് വനം വകുപ്പ് അവിടെ ഒരു ക്യാമറ സ്ഥാപിച്ചത്. ആ ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ ഇപ്പോൾ പതിഞ്ഞിരിക്കുന്നത്. നിലവിലെ പശ്ചാത്തലത്തിൽ ജനങ്ങൾ വലിയ തോതിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല , കൂടുതൽ ജനവാസ മേഖലയിലേക്ക് പുലി എത്തിയിട്ടില്ലെന്നും അതിനാൽ ആശങ്ക വേണ്ടെന്നും, ജാ​ഗ്രത പാലിച്ചാൽ മതിയെന്നും വനം വകുപ്പ് കൊട്ടിയൂർ റേഞ്ച് ഉദ്യോ​ഗസ്ഥർ പറഞ്ഞു.