മെഡി. കോളേജിൽ യുവാവിനെ മർദിച്ച സുരക്ഷാ ജീവനക്കാരനെ തിരിച്ചെടുത്തതില്‍ വിവാദം; പരിശോധിക്കുമെന്ന് മന്ത്രി

മെഡി. കോളേജിൽ യുവാവിനെ മർദിച്ച സുരക്ഷാ ജീവനക്കാരനെ തിരിച്ചെടുത്തതില്‍ വിവാദം; പരിശോധിക്കുമെന്ന് മന്ത്രി


തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിനെ മർദിച്ച സെക്യൂരിറ്റി ജീവനക്കാരെ തിരിച്ചെടുത്തതിനെ തള്ളിപ്പറയാതെ ആരോഗ്യമന്ത്രി വീണ ജോർജ്. സെക്യൂരിറ്റി ജീവനക്കാർക്കെതിരെ ക്രിമിനൽ കേസുണ്ടോ എന്ന പരിശോധിക്കുമെന്നാണ് വീണാ ജോർജിന്‍റെ നിലപാട്. ഡിഎംഇയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ തിരിച്ചെടുത്തത്. 

കഴിഞ്ഞ വർഷം, മെഡിക്കൽ കോളേജ് ആശുപത്രിയിൽ മുത്തശ്ശിക്ക് കൂട്ടിരിക്കാൻ വന്ന യുവാവിനെ മർദിച്ച രതീഷ്, വിഷ്ണു എന്നീ സുരക്ഷാ ജീവനക്കാരെയാണ് മാനുഷിക പരിഗണനയെന്ന പേരിൽ തിരിച്ചെടുത്തത്. ഒരാൾ വൃക്കരോഗിയാണെന്നതും, മറ്റു വഴിയില്ലെന്നും, എല്ലാക്കാലവും പുറത്ത് നിർത്താനാവില്ലെന്നും കാട്ടിയായിരുന്നു ഇത്. ക്രിമിനൽ കേസുകളിൽപ്പെട്ടവരെ സുരക്ഷാ ജോലിക്ക് നിയോഗിക്കരുതെന്ന നിർദേശം നിലനിൽക്കെയാണ് സ്വകാര്യ ഏജൻസിക്ക് കീഴിലുള്ള ഇവരെ സൂക്ഷമതയോടെ ജോലി ചെയ്യേണ്ട മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് തന്നെ തിരികെയെടുത്തത്.

ആശുപത്രി പരിസരത്ത് വാർഡന്മാരുടെ അതിക്രമം തുടരുമ്പോഴും തുടർനടപടിയിൽ മെല്ലെപ്പോക്കാണ്. ഈ മാസം മൂന്നാം തിയതി, അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ യുവാവിനെ മർദിച്ച ട്രാഫിക് വാർഡന്മാരെ പുറത്താക്കിയെന്ന് പറയുമ്പോഴും ചുമതലയിലുണ്ടായിരുന്ന മറ്റു സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ നടപടിയുണ്ടായിട്ടില്ല. ട്രാഫിക് വാർഡൻ മർദിക്കുമ്പോൾ മറ്റു സെക്യൂരിറ്റി ജീവനക്കാരും ചുമതലയുള്ള ഉദ്യോഗസ്ഥനും സ്ഥലത്തുണ്ടായിരുന്നു.  ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തി നടപടി എടുക്കുമെന്ന് മന്ത്രി പറഞ്ഞു. 

അഖിൽ എന്ന യുവാവ് ആദ്യം സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്നും, കൂടെയെത്തിയ യുവാവ് വിവിധ കേസുകളിൽ പ്രതിയാണെന്നും ഉൾപ്പടെ കാട്ടിയാണ് സുരക്ഷാ വിഭാഗം റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇത് കണക്കിലെടുത്താണ് കൂടുതൽ നടപടികളെടുക്കാതെ ഒതുക്കിത്തീർക്കാൻ ശ്രമം നടന്നത്.  സുരക്ഷാ ജീവനക്കാരെ യുവാക്കൾ ആക്രമിച്ചെന്ന് പറയുമ്പോഴും ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടുമില്ല