അത്യപൂർവ നടപടി; സ്കൂട്ടര്‍ യാത്രക്കാരിയുടെ മരണത്തിനിടയാക്കിയ ബൈക്കോടിച്ചയാളുടെ ലൈസെന്‍സ് റദ്ദാക്കി

അത്യപൂർവ നടപടി; സ്കൂട്ടര്‍ യാത്രക്കാരിയുടെ മരണത്തിനിടയാക്കിയ ബൈക്കോടിച്ചയാളുടെ ലൈസെന്‍സ് റദ്ദാക്കി


കൊച്ചി: തൃപ്പൂണിത്തുറയിൽ സ്കൂട്ടര്‍ യാത്രക്കാരിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ അപകടമുണ്ടാക്കിയ ബൈക്ക് യാത്രക്കാരന്റെ ലൈസെൻസ് റദ്ദാക്കി. കാഞ്ഞിരമറ്റം സ്വദേശിയായ വിഷ്ണുവിന്റെ ലൈസെൻസാണ് റദ്ദാക്കിയത്. സാധാരണയായി ലൈസൻസ് സസ്പെൻഡ് ചെയ്യുകയാണ് പതിവെങ്കിലും ലൈസൻസ് റദ്ദാക്കുന്ന നടപടി സംസ്ഥാനത്ത് അത്യപൂർവമാണ്.

നവംബർ 17നായിരുന്നു അപകടം നടക്കുന്നത്.കൊച്ചി കടവന്ത്രയിലെ സിനര്‍ജി ഓഷ്യാനിക് സര്‍വീസ് സെന്ററിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് കാവ്യ ധനേഷാണ് മരിച്ചത്. അലക്ഷ്യമായി വാഹനം ഓടിച്ച് സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം ഇയാൾ വാഹനം നിർത്താതെ പോയിരുന്നു.


അമിതവേഗത്തിൽ അശ്രദ്ധമായെത്തിയ വിഷ്ണുവിന്റെ ബൈക്ക് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. നിരത്തിൽ വീണ കാവ്യയുടെ ശരീരത്തിൽ പിന്നാലെ എത്തിയ സ്വകാര്യ ബസ് യുവതിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയും ചെയ്തു. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.

അന്വേഷണത്തിൽ വിഷ്ണുവിന്റെ അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടത്തിന് കാരണമാക്കിയത് എന്ന് വ്യക്തമായിരുന്നു. ഇയാൾ തുടർന്നും വാഹനമോടിച്ചാൽ പൊതുജനങ്ങൾക്ക് അപകടത്തിന് കാരണത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് തൃപ്പുണിത്തുറ ജോയിന്‌റ് ആർടിഒ വിഷ്ണുവിന്റെ ലൈസെൻസ് റദ്ദാക്കിയത്.


2020 ജൂൺ 12 ന് ലോക്ക്ഡൗൺ സമയത്ത് വിഷ്ണുവിന്റെ ഇതേ ബൈക്കിടിച്ച് ഒരു സൈക്കിൾ യാത്രക്കാരൻ മരിച്ചിരുന്നു. കൂടാതെ കാവ്യയെ ഇടിച്ച ബസ് ഡ്രൈവറുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. നിശ്ചിത അകലം പാലിക്കാതെയായിരുന്നു ബസ് വന്നത്.