
കോഴിക്കോട് : ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തിൽ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു. അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ നിർണായക വിവരങ്ങൾ കിട്ടിയതോടെയാണ് എഫ്ഐആറിൽ പൊലീസ് മാറ്റം വരുത്തിയത്.
വെറുമൊരു ആത്മഹത്യ കേസായി വിശ്വനാഥന്‍റെ മരണത്തെ കാണരുതെന്നും അന്വേഷണത്തിലെ പിഴവുകൾ പരിഹരിക്കണമെന്നും എസ് സി എസ് ടി കമ്മീഷൻ പൊലീസിന് നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെ കോഴിക്കോട് ഡിസിപി തന്നെ അന്വേഷണം ഏറ്റെടുത്തു. കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തിയ അദ്ദേഹം സിസിടിവി ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചു. വിശ്വനാഥൻ മരിക്കുന്നതിന് മുമ്പ് ആശുപത്രി പരിസരത്ത് വച്ച് രണ്ട് പേരോട് സംസാരിക്കുന്നതും, പന്ത്രണ്ടോളം പേർ ചുറ്റും കൂടി നിൽക്കുന്നതിൻ്റെയും ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്.
മരിച്ച ആദിവാസി യുവാവ് വിശ്വനാഥന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് വയനാട്ടിലെ വീട് സന്ദർശിച്ച എസ് സി - എസ് ടി കമ്മീഷൻ അറിയിച്ചു. കുടുംബത്തിന് നഷ്ടപരിഹാരവും ജോലിയും ശുപാർശ ചെയ്യുമെന്നും ബി.എസ് മാവോജി പറഞ്ഞു. കമ്മീഷന്‍റെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.
ആത്മഹത്യ ചെയ്ത ആദിവാസി യുവാവിനെതിരെ ആൾക്കൂട്ട മർദ്ദനം നടന്നതിന് പ്രാഥമിക തെളിവുകൾ ഇല്ലെന്ന് പൊലീസ്
വിശ്വനാഥന്‍റെ മരണത്തിൽ സമഗ്ര അന്വേഷണമാണ് തുടക്കം മുതൽ കുടുംബത്തിന്‍റെ ആവശ്യം. നീതി ഉറപ്പാക്കുമെന്ന് കൽപ്പറ്റയിലെ വീട്ടിലെത്തിയ എസ് സി എസ് ടി കമ്മീഷൻ ബി.എസ്. മാവോജി കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. എന്ത് കുറ്റം ചെയ്താലും തെളിവ് അവശേഷിക്കും. പൊലീസ് അക്കാര്യം കാര്യക്ഷമമായി അന്വേഷിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ആൾക്കൂട്ട മർദ്ദനത്തിലാണ് വിശ്വനാഥൻ മരിച്ചതെന്ന് ആവർത്തിക്കുന്ന കുടുംബം, റീ പോസ്റ്റ്മോർട്ടവും ആവശ്യപ്പെടുന്നു.