അവിഹിതമറിഞ്ഞ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മാനസികാരോഗ്യ കേന്ദ്രത്തിലെ ടോയ്ലറ്റ് പൊളിച്ച് രക്ഷപ്പെട്ടു

അവിഹിതമറിഞ്ഞ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മാനസികാരോഗ്യ കേന്ദ്രത്തിലെ ടോയ്ലറ്റ് പൊളിച്ച് രക്ഷപ്പെട്ടു


കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ വീണ്ടും സുരക്ഷാ വീഴ്ച്ച. കൊലക്കേസ് പ്രതിയായ തടവുകാരി രക്ഷപ്പെട്ടു. ഫൊറൻസിക് വാർഡിലെ തടവുകാരിയാണ് ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ കുത്തി ഇളക്കി രക്ഷപ്പെട്ടത്.

മലപ്പുറം വേങ്ങരയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രക്ഷപ്പെട്ടത്. ഇന്നലെ ആറു മണിയോടെയാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. പുലർച്ചെ 12.15 ഓടെ ഇവർ ആശുപത്രിയിൽ നിന്നും പുറത്തുകടന്നെന്നാണ് സൂചന.


വേങ്ങരയിൽ ബിഹാർ സ്വദേശിയായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഫെബ്രുവരി നാലിനാണ് 31 കാരിയായ യുവതിയെ അറസ്റ്റ് ചെയ്തത്. കടുത്ത മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇവരെ കുതിരവട്ടത്തേക്ക് മാറ്റിയത്.

ജനുവരി 31 നാണ് യുവതിയുടെ ഭർത്താവ് കൊല്ലപ്പെട്ടത്. വയറു വേദനയെ തുടർന്നാണ് ഭര്‍ത്താവിന്‍റെ മരണമെന്നായിരുന്നു ഇവർ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ ഭാര്യ തന്നെയാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

മറ്റൊരാളുമായുള്ള അടുപ്പം ഭർത്താവ് മനസ്സിലാക്കിയതാണ് കൊലപാതക കാരണമെന്നാണ് കണ്ടെത്തൽ. കഴുത്തിൽ സാരി മുറുക്കിയായിരുന്നു കൊലപാതകം. രാത്രിയിൽ ഉറങ്ങിക്കിടന്ന ഭർത്താവിന്റെ കൈകൾ കൂട്ടിക്കെട്ടി, ഉടുത്തിരുന്ന സാരി കുരുക്കാക്കി മാറ്റി കട്ടിലിൽ നിന്നും വലിച്ച് താഴെ ഇടുകയായിരുന്നു.

രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവർ താമസിച്ചിരുന്ന വേങ്ങരയിലെ പ്രദേശങ്ങളും മാനസികാരോഗ്യ കേന്ദ്രത്തിന് സമീപ പ്രദേശങ്ങളിലുമെല്ലാം പരിശോധന നടക്കുന്നുണ്ട്