അടിച്ച് പൂസായി' ഓടിച്ചത് സ്കൂള്‍ ബസ്; കാല് നിലത്തുറയ്ക്കാത്ത അവസ്ഥ; കുട്ടികളെ സ്കൂളിലെത്തിച്ചത് പൊലീസ്!

അടിച്ച് പൂസായി' ഓടിച്ചത് സ്കൂള്‍ ബസ്; കാല് നിലത്തുറയ്ക്കാത്ത അവസ്ഥ; കുട്ടികളെ സ്കൂളിലെത്തിച്ചത് പൊലീസ്!


കൊച്ചി: കൊച്ചി നഗരത്തിൽ  നിയമലംഘനം നടത്തിയ  32 ബസുകൾ പൊലീസ് പിടിച്ചെടുത്തു. മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവർമാർ ആണ് പൊലീസ് പിടിയിലായത്. ഇവരിൽ നാല് പേർ സ്കൂള്‍ ബസ് ഡ്രൈവർമാരും രണ്ട് പേർ കെഎസ്ആർടിസി ബസ് ഡ്രൈവർമാരുമാണ്. ഇന്ന് രാവിലെ നഗരത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവർമാർ പൊലീസിന്‍റെ പിടിയിലായത്. ഇതില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാരും കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരും ഉള്‍പെട്ടത് പൊലീസിനെപ്പോലും അമ്പരിപ്പിച്ചു.

നാല് സ്കൂള്‍ ബസ് ഡ്രൈവര്‍മാരില്‍ ഒരാള്‍ കാല് നിലത്തുറയ്ക്കാത്ത സ്ഥിതിയിലായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത പൊലീസ് വാഹനങ്ങളും പിടിച്ചെടുത്തു. കുട്ടികളെ പൊലീസ് സുരക്ഷിതമായി സ്കൂളുകളിലെത്തിച്ചു. സ്കൂള്‍ അധികൃതരില്‍ നിന്ന് പൊലീസ് വിശദീകരണം തേടിയിട്ടുണ്ട്.  സ്വകാര്യ ബസിന്‍റെ മരണപ്പാച്ചിലില്‍ ബൈക്ക് യാത്രികള്‍ മരിച്ചതോടെയാണ് കൊച്ചി നഗരത്തില്‍  വാഹന പരിശോധനയും നടപടികളും പൊലീസ് കര്‍ശനമാക്കിയത്.

ഇനി ഒരാളുടെ ജീവൻ കൂടി  നഷ്ടപെടാതിരിക്കാനുള്ള മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതിയും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ  പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള മൊബൈല്‍ ഫോണ്‍ നമ്പര്‍ പൊലീസ് തയ്യാറാക്കുന്നുണ്ട്. വൈകാതെ തന്നെ ഇത് എല്ലാ സ്വകാര്യ ബസുകളിലും പതിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. നിയമലംഘനത്തിന് പിടിയിലായവര്‍ക്ക് ഇംപോസിഷനും പൊലീസ് നല്‍കി. 

അതേസമയം, ഫോണ്‍ വിളിച്ച് കൊണ്ട് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എംവിഡി വ്യക്തമാക്കി. കോഴിക്കോട് -  പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസ്സിലെ ഡ്രൈവറാണ് ഓട്ടത്തിനിടയിൽ ഫോൺ ചെയ്തത്. ഇന്നലെ ആണ് സംഭവം. ബസിലെ യാത്രക്കാര്‍ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. ഏഴ് കിലോമീറ്ററിന്  ഇടയിൽ ഡ്രൈവര്‍ ഫോൺ ചെയ്തത് എട്ട് തവണയാണ്. ഈ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സംഭവത്തില്‍ മോട്ടോർ വാഹന വകുപ്പ് നടപടി  സ്വീകരിക്കും. ഡ്രൈവറോട് ഹാജരാകാൻ നിർദേശം നല്‍കിയിട്ടുണ്ട്. നാളെ രാവിലെ 10.00 മണിക്ക് ഫറോക്ക് ജോയിന്റ് ആർടിഒ ഓഫീസിൽ ഹാജരാകാനാണ് ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.