തൊഴിലുറപ്പ്, കുടുംബശ്രീ തൊഴിലാളികൾ എകെജി സെൻ്ററിലെ കൂലിക്കാരല്ല: അഡ്വ.മാർട്ടിൻ ജോർജ്ജ്

തൊഴിലുറപ്പ്, കുടുംബശ്രീ തൊഴിലാളികൾ എകെജി സെൻ്ററിലെ കൂലിക്കാരല്ല: അഡ്വ.മാർട്ടിൻ ജോർജ്ജ് 

ഇരിട്ടി : പാർട്ടി പരിപാടിക്ക് പോയില്ലെങ്കിൽ തൊഴിലുറപ്പ് പദ്ധതിയിൽ പണിയില്ലെന്ന് പറയാൻ തൊഴിലുറപ്പ് തൊഴിലാളികൾ എ കെ ജി സെൻ്ററിലെ കൂലിക്കാരല്ലെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ് പറഞ്ഞു. സി പി എം കർഷക സംഘടനയുടെ സമരത്തിൽ പങ്കെടുക്കാത്തതിൻ്റെ പേരിൽ തൊഴിലുറപ്പ് തൊഴിൽ നിഷേധിച്ചതിനെതിരെ പടിയൂർ പഞ്ചായത്തിലേക്ക് കല്യാട്, പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 സംസ്ഥാന സർക്കാർ തൊഴിൽ ഉറപ്പ് പദ്ധതിയെയും ,കുടുംബശ്രീയെയും പൂർണമായും രാഷ്ട്രീയവത്കരിക്കാൻ നോക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിലെ ജോലി പിണറായി വിജയൻ്റെയോ സി പി എം നേതാക്കളുടെയോ ഔദാര്യമല്ല. തൊഴിലുറപ്പ് അവകാശമാണ്. പാർട്ടി പരിപാടിയിൽ പങ്കെടുക്കാത്തത്തിന്റെ പേരിൽ തൊഴിലുറപ്പിൽ പണി നിഷേധിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും ഇത്തരം പ്രവണതകളെ കോൺഗ്രസ് ശക്തമായി ചെറുക്കുമെന്നും മാർട്ടിൻ ജോർജ് വ്യക്തമാക്കി. ആർ. രാജൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ സുരേഷ് മാവില, പി.കെ. രാജൻ, രോഹിത് കണ്ണൻ, അബ്ദുള്ള ഹാജി, പി. ബാലൻ മാസ്റ്റർ, പി.പി. ബാലൻ, കെ.പി. ബാബു, പി. കുഞ്ഞികൃഷ്ണൻ , ആനന്ദ് ബാബു, പി.പി. സുകുമാരൻ, സീത എന്നിവർ സംസാരിച്ചു.