ത്രിപുര ഇന്ന് പോളിങ് ബൂത്തിലേക്ക്; ഭരണം നിലനിര്‍ത്താന്‍ ബിജെപി; തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യം

ത്രിപുര ഇന്ന് പോളിങ് ബൂത്തിലേക്ക്; ഭരണം നിലനിര്‍ത്താന്‍ ബിജെപി; തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യം


  • ശക്തമായ രാഷ്ട്രീയ മത്സരം നടക്കുന്ന ത്രിപുരയിലെ 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. വ്യാഴാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരമായ അഗര്‍ത്തലയില്‍ അടക്കം കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

തൊട്ടടുത്ത സംസ്ഥാനങ്ങളായ അസമിലേക്കും മിസോറമിലേക്കുമുള്ള അതിർത്തികൾ കഴിഞ്ഞദിവസം അടച്ചിരുന്നു. രാത്രി പത്തുമുതൽ രാവിലെ ആറുവരെ 144 പ്രഖ്യാപിച്ചിട്ടുണ്ട്. നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങൾക്കൊപ്പം മാർച്ച് രണ്ടിനാകും വോട്ടെണ്ണൽ.


മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി ഭരണതുടര്‍ച്ച നേടാനുള്ള  ശ്രമത്തിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെത്തി പ്രചാരണം കൊഴുപ്പിച്ച ത്രിപുരയില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല. കോണ്‍ഗ്രസിന്‍റെ കൈപിടിച്ച് ഭരണത്തിലേക്ക് തിരിച്ചുവരാനുള്ള പ്രവര്‍ത്തനമാണ് പ്രചരണഘട്ടത്തില്‍ സിപിഎം നടത്തിയത്. ത്രിപുരയില്‍ പരീക്ഷിക്കുന്ന ഈ രാഷ്ട്രീയ സമവാക്യം ഫലം കാണും എന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.


പ്രബലരായ രണ്ട് മുന്നണികളെയും ഞെട്ടിച്ചുകൊണ്ട് ത്രിപുരയിലെ കറുത്തകുതിരകളാകാന്‍ ഒരുങ്ങുന്ന തിപ്ര മോത്ത പാര്‍ട്ടിക്കും തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.  13.53 ലക്ഷം സ്ത്രീകളുൾപ്പെടെയുള്ള 28.13 ലക്ഷം വോട്ടർമാരാണ് ആകെയുള്ള 259 സ്ഥാനാര്‍ത്ഥികളുടെ വിധി നിർണയിക്കുക.