ഉമ്മൻ ചാണ്ടിയെ നാളെ പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും; ചികിത്സാ ചെലവ് എഐസിസി ഏറ്റെടുക്കും

ഉമ്മൻ ചാണ്ടിയെ നാളെ പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും; ചികിത്സാ ചെലവ് എഐസിസി ഏറ്റെടുക്കും


  • തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. അർബുദ രോഗവുമായി ബന്ധപ്പെട്ട തുടർ ചികിത്സയ്ക്കു വേണ്ടിയാണ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഉമ്മൻചാണ്ടിയെ മാറ്റുന്നത്. കോൺഗ്രസ് സംഘടനകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉമ്മൻചാണ്ടിയെ സന്ദർശിച്ചു.

കോൺഗ്രസ് അധ്യക്ഷന്റെ നിർദ്ദേശത്തെ തുടർന്നാണ് എഐസിസി സംഘടനകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാവിലെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ എത്തി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സന്ദർശിച്ചത്. ഉമ്മൻചാണ്ടിയുടെ തുടർ ചികിത്സയുടെ മുഴുവൻ ചെലവും കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കും. നാളെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് എഐസിസി സജ്ജമാക്കിയ ചാർട്ടേഡ് വിമാനത്തിലാകും ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റുക എന്നാണ് വിവരം.


അതേസമയം ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങളാണ് നടക്കുന്നത് എന്നും രേഖകൾ വരെ ഇതിനായി കെട്ടിച്ചമച്ചെന്നും മകൻ ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ പ്രചരണം നടത്തുന്നവരുടെ ലക്ഷ്യം താൻ വൈകാതെ വെളിപ്പെടുത്തണമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി .

നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഉമ്മൻചാണ്ടിയുടെ രോഗ വിവരം തേടി ആശുപത്രിയിലേക്ക് എത്തുന്നുണ്ടെങ്കിലും സന്ദർശകർക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.