കണ്ണൂർ നഗരത്തിലും പൈപ്പ് വഴിയുള്ള പാചകവാതകം

കണ്ണൂർ നഗരത്തിലും പൈപ്പ് വഴിയുള്ള പാചകവാതകംകണ്ണൂര്‍ നഗരത്തിലുമെത്തുകയാണ് പൈപ്പുവഴിയുള്ള പാചകവാതകം. ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതിയുടെ ഭാഗമായുള്ള സിറ്റി ഗ്യാസ് ഗാര്‍ഹിക കണക്ഷനുള്ള പൈപ്പിടല്‍ കണ്ണൂര്‍ കണ്ണോത്തുംചാലിലെത്തി.

പൈപ്പുകള്‍ വഴി വീടുകളില്‍ നേരിട്ട് പാചകവാതകം എത്തിക്കുന്നതാണ് സിറ്റി ഗ്യാസ് പദ്ധതി. ജില്ലയിലൂടെ കടന്നുപോകുന്ന ഗെയില്‍ പൈപ്പ് ലൈനില്‍ കൂടാളിയിലാണ് വിതരണ ഹബ്ബ്.

കൂടാളി പഞ്ചായത്തിലെ 250 ഓളം വീടുകളിലാണ് സിറ്റി ഗ്യാസ് കണക്ഷന്‍ ലഭ്യമായത്. കഴിഞ്ഞ നവംബര്‍ ഒന്നിനാണ് കൂടാളിയില്‍ ആദ്യ കണക്ഷന്‍ നല്‍കിയത്. 460 പേരാണ് ഇവിടെ സിറ്റി ഗ്യാസിനായി രജിസ്റ്റര്‍ ചെയ്തത്. 350 വീടുകളിലേക്കുള്ള പ്ലംബ്ബിങ് പ്രവൃത്തികള്‍ പൂര്‍ത്തിയായി. മാര്‍ച്ച്‌ ആദ്യവാരത്തോടെ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ വീടുകളിലും കണക്ഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

കണ്ണൂര്‍ കോര്‍പറേഷനിലെ എട്ടുവാര്‍ഡുകളിലെ പൈപ്പിടല്‍ ഈ മാസം അവസാനത്തോടെ തുടങ്ങുന്നതിനാണ് ലക്ഷ്യമിടുന്നത്. കോര്‍പറേഷന്‍ പരിധിയില്‍ എട്ടായിരം വീടുകളിലേക്കുള്ള പൈപ്പിടലാണ് ആദ്യഘട്ടത്തില്‍. കൂടാളി സബ്സ്റ്റേഷനുസമീപത്തെ എട്ടുവാര്‍ഡുകളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുക. ഇവയ്ക്കുള്ള സര്‍വേ പൂര്‍ത്തിയായി. പൈപ്പിടുന്നതിനുള്ള അനുമതി ഈയാഴ്ചയോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഗ്യാസ് വിതരണം ചെയ്യുന്നതിനുള്ള സിറ്റി ഗ്യാസ് സ്റ്റേഷനാണ് കൂടാളിയിലേത്. സുരക്ഷിതമായ പോളി എത്തിലിന്‍ പൈപ്പുകള്‍ ഉപയോഗിച്ചാണ് സിറ്റി ഗ്യാസ് പദ്ധതിയില്‍ വീടുകളില്‍ പാചകവാതകം എത്തിക്കുക. വീടുകളില്‍ കണക്ഷന്‍ എടുക്കുന്നതിന് നിശ്ചിത തുക അടയ്ക്കണം. സബ്സിഡി ഇല്ലാത്ത ഗ്യാസിനേക്കാള്‍ 20 ശതമാനത്തോളം വിലക്കുറവിലാണ് പാചകവാതകം ലഭിക്കുക. ഉപയോഗത്തിനനുസരിച്ചാണ് മാസം പണം അടയ്ക്കേണ്ടത്. മുഴുവന്‍ സമയവും പാചകവാതകം ലഭ്യമാകുമെന്നതാണ് സിറ്റി ഗ്യാസിന്റെ പ്രധാന ആകര്‍ഷണം.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പൈപ്പ്ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പാചകവാതകവും ലഭ്യമാക്കും. വാഹനങ്ങള്‍ക്കാവശ്യമായ വാതകം നിറയ്ക്കുന്നതിനായുള്ള അഞ്ച് സിഎന്‍ജി (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) സ്റ്റേഷനുകളും ജില്ലയിലുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, മട്ടന്നൂര്‍, പറശ്ശിനിക്കടവ്, പരിയാരം, കൂത്തുപറമ്ബ് എന്നിവിടങ്ങളിലാണിത്. പയ്യന്നൂര്‍, കമ്ബില്‍ എന്നിവിടങ്ങളില്‍ ഈ മാസം അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകും. തലശേരി, തളിപ്പറമ്ബ്, മാഹി എന്നിവിടങ്ങളില്‍ സ്റ്റേഷനുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്.