ഇന്ധന സെസ് വര്‍ദ്ധനയില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും റോഡ് ഉപ​രോധം

ഇന്ധന സെസ് വര്‍ദ്ധനയില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും റോഡ് ഉപ​രോധം


കൊച്ചി: സംസ്ഥാന ബജറ്റിലെ നികുതി വര്‍ദ്ധനവിനും ഇന്ധന സെസ് വര്‍ദ്ധിപ്പിക്കുന്നതിനും എതിരേ സംസ്ഥാന വ്യാപകമായി ​യൂത്ത് കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും പ്രതിഷേധം. കൊച്ചി, പത്തനംതിട്ട, കണ്ണൂര്‍, തൃശൂര്‍, കോഴിക്കോട് നഗരങ്ങളില്‍ പ്രതിഷേധമാര്‍ച്ചും റോഡ് ഉപരോധവും പോലീസിന്റെ ജലപീരങ്കി പ്രയോഗവും ഉണ്ടായി. റോഡ് ഉപരോധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവിധ ജില്ലകളില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കോഴിക്കോട് നഗരത്തില്‍ കളക്ടറേറ്റിലേക്ക് കയറാന്‍ യൂത്ത് കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിന് വഴിവെച്ചു. പോലീസ് വെച്ച ബാരിക്കേഡുകള്‍ മറികടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊച്ചി, പത്തനംതിട്ട, കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി. കൊച്ചിയില്‍ കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കും ജലപീരങ്കി നേരിടേണ്ടി വന്നു.

തുടര്‍ന്ന് ഇവിടെ പോലീസിന് നേരെ കല്ലേറുണ്ടായി. നികുതി വര്‍ദ്ധനവ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് നിയമസഭയ്ക്കുള്ളിലും പ്രതിപക്ഷ പ്രതിഷേധങ്ങള്‍ കണ്ടിരുന്നു. സഭ നിര്‍ത്തി പിരിയുകയും ചെയ്തിരുന്നു. നികുതി വര്‍ദ്ധന പിന്‍വലിക്കും വരെ സഭയ്ക്ക് പുറത്തും പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. 13, 14 തിയതികളില്‍ യുഡിഎഫ് രാപകല്‍ സമരം നടത്തുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.