പെഗാസസിന് പിന്നാലെ ഹൊഹേ; തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഇസ്രായേലി ഗൂഢസംഘം, ഒളിക്യാമറ ദൃശ്യങ്ങളുമായി ദ ഗാർഡിയൻ

പെഗാസസിന് പിന്നാലെ ഹൊഹേ; തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഇസ്രായേലി ഗൂഢസംഘം, ഒളിക്യാമറ ദൃശ്യങ്ങളുമായി ദ ഗാർഡിയൻ


ദില്ലി : സമൂഹമാധ്യമങ്ങളെ മറയാക്കി നിരവധി രാജ്യങ്ങളിൽ അട്ടിമറികളും വ്യാജപ്രചാരണവും നടത്തുന്ന ഇസ്രായേലി ഗൂഢസംഘത്തിന്റെ വിവരങ്ങൾ പുറത്ത്. ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയൻ ആണ് 6 മാസം നീണ്ട അന്വേഷണത്തിലൂടെ അമ്പരപ്പിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. ഈ സംഘം ഇന്ത്യയിലും പ്രവർത്തിച്ചതായാണ് ഗാർഡിയന്‍റെ വെളിപ്പെടുത്തൽ.

കൃത്രിമങ്ങളിലൂടെ മുപ്പതു രാജ്യങ്ങളിൽ തെരഞ്ഞടുപ്പ് അട്ടിമറിച്ചു. വന്പൻ കന്പനികൾക്കായി പലരെയും വിവാദങ്ങളിൽപ്പെടുത്തി. ലക്ഷക്കണക്കിന് വ്യാജ അകൗണ്ടുകളിലൂടെ നുണ പ്രചരിപ്പിച്ചു. പണം നൽകിയാൽ ആർക്കുവേണ്ടിയും എന്തും സമൂഹ മാധ്യമങ്ങളിലൂടെ ചെയ്തു നൽകുന്ന ഈ ഗൂഢസംഘത്തിന്റെ പേര് ടീം ഹൊഹേ.മുൻ ഇസ്രായേൽ സ്പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥനായ ത്അൽ ഹനാനാണ് ഹൊഹേ ടീം രൂപീകരിച്ചത്.ട്വിറ്ററും യൂട്യൂബും ജി മെയിലും ലിങ്ക്ഡിനും ഫെയ്സ് ബുക്കും എല്ലാം വ്യാജപ്രചാരണത്തിനായി ഉപയോഗിച്ചു. പ്രത്യേക സോഫ്റ്റ്‌വേർ വഴി അയ്യായിരത്തോളം ബോട്ടുകൾ ഉണ്ടാക്കിയായിരുന്നു പ്രചാരണം.

ഒരു ആഫ്രിക്കൻ രാജ്യത്തെ തെരഞ്ഞെടുപ്പ് വൈകിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് റേഡിയോ ഫ്രാൻസ് എന്ന മാധ്യമ സ്ഥാപനത്തിലെ മൂന്ന് മാധ്യമ പ്രവർത്തകരാണ് ഹൊഹേയെ സമീപിച്ചത്.നുണപ്രചാരണത്തിനായി എങ്ങനെയാണ് വ്യാജ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതെന്ന് സംഘത്തിന്‍റെ തലവനായ ത്അൽ ഹനാൻ തന്നെ വിശദീകരിക്കുന്നത് മാധ്യമ സംഘം ഒളിക്യാമറയിൽ പകർത്തി.6 മണിക്കൂർ ദൈർഘ്യമുള്ള ഈ ഒളിക്യാമറ ദൃശ്യത്തിൽ ലോക രാജ്യങ്ങളിലെ 33 തെരഞ്ഞെടുപ്പുകളിൽ ഇടപെട്ടെന്നും 27 ഇടത്ത് തങ്ങൾ ലക്ഷ്യം നേടിയെന്നും ത്അൽ ഹനാൻ അവകാശപ്പെടുന്നു. 

ഇന്ത്യയിൽ ഒരു വന്പൻ കന്പനിക്ക് വേണ്ടി വ്യവസായ തർക്കത്തിൽ ഇടപെട്ടെന്നും ഹനാൻ വ്യക്തമാക്കുന്നു.ചാര സോഫ്റ്റ്‍വെയറായ പെഗാസസിന് പിന്നാലെ ഇസ്രയേലിൽ നിന്ന് തന്നെയുള്ള ഹൊഹേ ടീമും ഇനിയുള്ള ദിവസങ്ങളിൽ വാർത്തകളിൽ നിറയും.