'പാർട്ടിയിലുണ്ടാകില്ല': ആകാശിനെ പിന്തുണക്കുന്ന തില്ലങ്കേരി ലോക്കൽ കമ്മിറ്റി അംഗങ്ങൾക്ക് സിപിഎം താക്കീത്

'പാർട്ടിയിലുണ്ടാകില്ല': ആകാശിനെ പിന്തുണക്കുന്ന തില്ലങ്കേരി ലോക്കൽ കമ്മിറ്റി അംഗങ്ങൾക്ക് സിപിഎം താക്കീത്


കണ്ണൂർ: ആകാശിനെ പിന്തുണക്കുന്ന ഒരു വിഭാഗം പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും സിപിഎം മുന്നറിയിപ്പ്. സിപിഎം തില്ലങ്കേരി ലോക്കൽ കമ്മറ്റി അംഗങ്ങൾക്കാണ് സിപിഎം നേതൃത്വം താക്കീത് നൽകിയത്. ആകാശിനെ സഹായിക്കുന്നവ‍ർ പാർട്ടിയിലുണ്ടാകില്ലെന്ന് നേതൃത്വം വ്യക്തമാക്കി. പാർട്ടി ജില്ലാ സെക്രട്ടറി എംവി ജയരാജൻ പങ്കെടുത്ത ലോക്കൽ കമ്മിറ്റി യോഗത്തിലാണ് കർശന താക്കീത് നൽകിയത്. ആകാശിനെ ഒറ്റപ്പെടുത്തുന്നതിൽ ഇതുവരെ എൽസി സഹകരിച്ചില്ലെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

സംഭവത്തിൽ ഇനി പ്രകോപനത്തിനില്ലെന്നാണ് ആകാശ് തില്ലങ്കേരി സ്വീകരിച്ചിരിക്കുന്ന നിലപാട്. സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടതോടെ പത്തി മടക്കിയിരിക്കുകയാണ് ആകാശ്. പാർട്ടി അംഗങ്ങളെ സമൂഹമാധ്യമങ്ങളിൽ വെല്ലുവിളിക്കില്ലെന്നും പാർട്ടി ലേബൽ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ ഇടപെടില്ലെന്നുമാണ് ആകാശിന്റെയും സംഘത്തിന്റെയും നിലപാട്. പാർട്ടിയുമായുള്ള ഏറ്റുമുട്ടൽ ഗുണകരമാകില്ലെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് പിന്മാറ്റം.

അതിനിടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന ഡിവൈഫ്ഐ പ്രവർത്തകയുടെ പരാതിയിൽ ജാമ്യമെടുത്തതിന് പിന്നാലെ രണ്ടാമത്തെ കേസിലും ആകാശ് തില്ലങ്കേരി സ്റ്റേഷനിൽ ഹാജരായി. സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കുന്നുവെന്ന് ഡിവൈഎഫ്ഐ നേതാവ് വിനീഷ് ചേലേരി നൽകിയ പരാതിലാണ് ആകാശ് മട്ടന്നൂർ സ്റ്റേഷനിലെത്തിയത്. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന കേസായതിനാൽ ഇനി സമൻസ് കിട്ടുമ്പോൾ ഹാജരായാൽ മതി. ഇന്നലെ അറസ്റ്റ് ഒഴിവാക്കി കോടതിയിൽ കീഴടങ്ങാൻ ആകാശിന് അവസരം ഒരുക്കിയത് പയ്യന്നൂർ ഡിവൈഎസ്പിയാണെന്ന് കോൺഗ്രസ് ആക്ഷേപം ഉന്നയിച്ചു. തില്ലങ്കേരിയിൽ കോൺഗ്രസ് പ്രതിഷേധ സംഗമവും നടത്തി. ലഹരിക്കടത്ത് മാഫിയയ്ക്കെതിരെ ഇന്ന് മട്ടന്നൂരിൽ ഡിവൈഎഫ്ഐ പ്രതിഷേധ സംഗമം നടത്തുന്നുണ്ട്.