കഴുത്തില്‍ കുരുക്ക് മുറുകി കടുവ ചത്തു ; സ്ഥലം ഉടമയുടെ പേരില്‍ കേസ് എടുത്തു ; വനം വകുപ്പിനെതിരേ നാട്ടുകാരുടെ പ്രതിഷേധം

കഴുത്തില്‍ കുരുക്ക് മുറുകി കടുവ ചത്തു ; സ്ഥലം ഉടമയുടെ പേരില്‍ കേസ് എടുത്തു ; വനം വകുപ്പിനെതിരേ നാട്ടുകാരുടെ പ്രതിഷേധം




സുൽത്താൻ ബത്തേരി: പൊന്‍മുടിക്കോട്ടയില്‍ കടവു ചത്തതിനെ തുടര്‍ന്ന് കര്‍ഷനെതിരേ കേസെടുത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം. സിപിഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്. കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമയ്‌ക്കെതിരേയാണ് കേസെടുത്തത്. വാര്‍ദ്ധക്യസഹജമായ രോഗത്താല്‍ കഴിയുന്ന ആള്‍ക്കെതിരേയാണ് കേസെടുത്തത് എന്നാണ് ആരോപണം.

പ്രതിഷേധത്തെ തുടര്‍ന്ന് മഹസ്സര്‍ എഴുതാന്‍ വന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തിരികെ പോകേണ്ടി വന്നു. ബുധനാഴ്ച വൈകിട്ട് അന്‍പുകുത്തി പാടിപ്പറമ്പിലെ മുഹമ്മദിന്റെ തോട്ടത്തിലാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കുരുക്കു മുറുകിയാണ് കടുവ ചത്തതെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെയാണ് തോട്ടമുടമയുടെ പേരില്‍ വനംവകുപ്പ് കേസെടുത്തത്. ഷെഡ്യൂള്‍ ഒന്നില്‍ പെട്ട ജീവി ആയതിനാല്‍ കേസെടുക്കാതിരിക്കാന്‍ കഴയില്ലെന്നാണ് വനംവകുപ്പിന്റെ നിലപാട്.

തന്റെ വസ്തുവില്‍ അതിക്രമിച്ച കയറി കുരുക്ക് സ്ഥാപിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകന്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. കടുവയെ ചത്തനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തന്റെ ഭൂമിരേഖയുടെ പകര്‍പ്പ് വാങ്ങിക്കൊണ്ടു പോയെന്നും പരാതിയില്‍ പറയുന്നു. അതേസമയം കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ 12 വളര്‍ത്തുമൃഗങ്ങളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കുപ്പമുടിയില്‍ രണ്ടു മാസം മുമ്പ് വനംവകുപ്പിന്റെ കൂട്ടില്‍ ഒരു പെണ്‍കടുവ കുടുങ്ങിയിരുന്നു. അതിനൊപ്പമുള്ള കുഞ്ഞാണ് ഇപ്പോള്‍ ചത്തത്. ഇനി മറ്റൊരു കടുവ കൂടിയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ബുധനാഴ്ച വൈകിട്ട് അമ്പുകുത്തി മലയില്‍ നിന്നും പുലി ജനവാസമേഖലയില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടയിലാണ് കടുവയെ കണ്ടെത്തിയത്. വനംവകുപ്പിന്റെ നടപടിയ്ക്ക് എതിരേ സിപിഐ പ്രാദേശികഘടകവും രംഗത്ത് വന്നിട്ടുണ്ട്. കര്‍ഷകരെ അന്യായമായി ഉപദ്രവിക്കുന്നത് അനുവദിക്കാനാകില്ലെന്നും കര്‍ഷകന് വേണ്ട നിയമസഹായം നല്‍കുമെന്നുമാണ് ഇവര്‍ പറയുന്നത്. വനംവകുപ്പിന്റെ പ്രതികാര നടപടി അംഗീകരിക്കനാകില്ലെന്നാണ് പഞ്ചായത്തിന്റെയും നിലപാട്. ഒന്നര വയസ്സുള്ള കടുവയെ പിടികൂടാനിരിക്കുമ്പോഴാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.