പട്ടാപ്പകൽ, നടുറോഡ്, കൂട്ടനിലവിളി… ഹൃദയഭേദകം ഈ കാഴ്ചകൾ

പട്ടാപ്പകൽ, നടുറോഡ്, കൂട്ടനിലവിളി… ഹൃദയഭേദകം ഈ കാഴ്ചകൾ

കണ്ണൂർ: പട്ടാപ്പകൽ നടുറോഡിൽ കാർ നിന്ന് കത്തുന്നു. അന്തരീക്ഷത്തിലുയർന്ന ഭീകരമായ കൂട്ടനിലവിളികൾക്കിടെ എന്തു ചെയ്യണമെന്നറിയാതെ ഒരുനിമിഷം തലയിൽ കൈവെച്ച് നിന്നുപോയി നാട്ടുകാർ. ആളിക്കത്തുന്ന തീയണക്കാൻ കണ്ടുനിന്നവർ പരക്കംപായുന്നതിനിടെ ആ നിലവിളികൾ മെല്ലെയമരുന്നു.

തീനാളങ്ങൾക്കിടയിൽനിന്ന് എങ്ങനെയോ നാലുപേരെ തടിച്ചുകൂടിയവർ രക്ഷപ്പെടുത്തുന്നു…. ഹൃദയഭേദകമായിരുന്ന കാഴ്ചകൾക്കാണ് വ്യാഴാഴ്ച രാവിലെ 10.40ന് കണ്ണൂർ ജില്ല ആശുപത്രിക്കു സമീപം നാട്ടുകാർ സാക്ഷ്യം വഹിച്ചത്.

പൂർണ ഗർഭിണിയായ കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ റീഷ (26)യെ പ്രസവവേദനയെ തുടർന്ന് ജില്ല ആശുപത്രിയിലേക്ക് എത്തിക്കാനാണ് ഭർത്താവ് പ്രജിത്തും (32) ഇവരുടെ മ​കളും മാതാപിതാക്കളും കാറിൽ രാവിലെ വീട്ടിൽനിന്ന് പുറപ്പെട്ടത്. ജില്ല ആശുപത്രിയിലെത്താൻ മീറ്ററുകൾ മാത്രം ശേഷിക്കെയാണ് കാറിൽനിന്ന് പുകയുയർന്നതും പിന്നാലെ തീ കത്തിപ്പടർന്നതും.

റീഷയുടെ മകളും മാതാപിതാക്കളും ഉൾപ്പടെ നാലുപേരാണ് പിൻസീറ്റിലിരുണ്ടായിരുന്നത്. ഇവരെ ഒരുവിധം നാട്ടുകാർ പുറത്തിറക്കിയെങ്കിലും മുന്നിലെ ഡോറുകൾ തുറക്കാൻ റീഷക്കോ പ്രജിത്തിനോ രക്ഷാപ്രവർത്തനത്തിന് എത്തിയവർക്കോ കഴിഞ്ഞില്ല.ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ അതിന് സാധിച്ചില്ലെന്നും മരണവെപ്രാളത്തില്‍ അവരുടെ നിലവിളി നിസ്സഹായരായി കണ്ടുനില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളുവെന്നും ആര്‍ക്കും അടുക്കാനാകാത്ത വിധത്തിലാണ് തീ ആളിപ്പടര്‍ന്നത്. നിമിഷ നേരത്തിനുള്ളില്‍ തന്നെ കാറിന് ഉള്‍വശം പൂര്‍ണമായി കത്തിനശിച്ചുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്നാണ് നിഗമനം. കാറിന് രണ്ടുവർഷത്തെ പഴക്കമുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് കണ്ണൂർ എസ്പി അറിയിച്ചു.