പാലുവാങ്ങാൻ പോയി, പിന്നെ കാണാതായി; ആദർശ് മരിച്ചിട്ട് 14 വര്‍ഷം; 13 കാരന്‍റെ മരണം കൊലപാതകം, തെളിവ് പുറത്ത്

പാലുവാങ്ങാൻ പോയി, പിന്നെ കാണാതായി; ആദർശ് മരിച്ചിട്ട് 14 വര്‍ഷം; 13 കാരന്‍റെ മരണം കൊലപാതകം, തെളിവ് പുറത്ത്


തിരുവനന്തപുരം:പതിനാല് വർഷങ്ങൾക്ക് മുമ്പ് പൊലീസ് മുങ്ങിമരണം എന്ന് വിധിയെഴുതിയ 13 വയസുകാരന്‍റെ മരണം കൊലപാതകം എന്ന് ഉറപ്പിച്ച് ക്രൈം ബ്രാഞ്ച്. മകന്‍റെ മരണം കൊലപാതകം ആണെന്ന മാതാപിതാക്കളുടെ പരാതി തെളിഞ്ഞത് മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്ത് നടത്തിയ പരിശോധനയ്ക്കും അന്വേഷത്തിനുമൊടുവിൽ. ഇനി പിടികൂടേണ്ടത് കുട്ടിയുടെ കൊലയാളിയെ. 2009 ഏപ്രിൽ അഞ്ചിനാണ് തിരുവനന്തപുരം ഭരതന്നൂർ രാമരശ്ശേരി വിജയവിലാസത്തിൽ വിജയകുമാർ ഷീജ ദമ്പതികളുടെ മകൻ ആദർശിനെ വീടിനു സമീപത്തുള്ള വയൽക്കുളത്തിൽ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. 

വീട്ടിൽ നിന്ന് പാലുവാങ്ങാൻ പോയ കുട്ടി തിരിച്ച് എത്താത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കുളത്തിൽ കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം  കുട്ടിയുടെ തലയ്ക്കും നട്ടെല്ലിനും ക്ഷതം ഏറ്റിട്ടുണ്ടെന്ന് പൊലീസിന് റിപ്പോർട്ട് കൈമാറിയിരുന്നു. എന്നാൽ ഇത് കുളത്തിൽ വീണപ്പോൾ ഉണ്ടായത് ആണെന്ന് വിധിയെഴുതി പൊലീസ് കുട്ടിയുടെ മരണം മുങ്ങി മരണമാക്കി കേസവസാനിപ്പിച്ചു. പക്ഷേ പൊലീസിന്റെ ഈ റിപ്പോർട്ട് അപ്പാടെ തള്ളിയ കുടുംബവും നാട്ടുകാരും കുട്ടിയുടെ മരണത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കർമ്മ സമിതി രൂപീകരിച്ചു.