
ബാലവിവാഹം നിയമപരമായി തന്നെ നിരോധിച്ചിരിക്കുന്ന രാജ്യമാണ് നമ്മുടേത്. ബാലവിവാഹം ശിക്ഷാർഹമായ കുറ്റവുമാണ്. എന്നാൽ, കേരളത്തിലടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും സജീവമായി ഇന്നും ബാലവിവാഹങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അതുപോലെ മഹാരാഷ്ട്ര പൊലീസ് ബാലവിവാഹവുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റർ ചെയ്തു.
18 വയസ് തികയാത്ത പെൺകുട്ടിയുടെ വിവാഹം നടക്കുന്നു എന്ന് അറിഞ്ഞത് പെൺകുട്ടി കണക്കിന്റെ പരീക്ഷ എഴുതാൻ വരാത്തതിനെ തുടർന്നാണ്. മഹാരാഷ്ട്രയിൽ എസ്എസ്‍സി പരീക്ഷ നടന്നു കൊണ്ടിരിക്കുകയായിരുന്നു. കണക്കിന്റെ പരീക്ഷ നടക്കുന്ന ദിവസം പെൺകുട്ടി പരീക്ഷ എഴുതാൻ വേണ്ടി എത്തിയില്ല. അങ്ങനെയാണ് പെൺകുട്ടിയുടെ വിവാഹത്തിന്റെ വിവരം പുറത്തറിയുന്നത്.
വിവാഹത്തിൽ പങ്കെടുത്ത 150-200 അതിഥികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതിൽ 13 പേരെ തിരിച്ചറിഞ്ഞ് കഴിഞ്ഞു. 16 വയസായിരുന്നു പെൺകുട്ടിയുടെ പ്രായം. തിങ്കളാഴ്ച പെൺകുട്ടിക്ക് കണക്കിന്റെ പരീക്ഷയായിരുന്നു. എന്നാൽ, അവൾ പരീക്ഷ എഴുതാൻ എത്തിയില്ല. ഇത് ശ്രദ്ധയിൽ പെട്ട ഒരു ആക്ടിവിസ്റ്റാണ് ചൈൽഡ്‍ലൈൻ ഹെൽപ്‍ലൈൻ നമ്പറായ 1098 -ലേക്ക് വിളിച്ച് വിവരം പറഞ്ഞത്.