ഗതാഗതക്കുരുക്കിൽ അകപ്പെട്ട കാറിൽ നിന്ന് ഇറങ്ങിയോടിയ നവവരനെ കണ്ടെത്തിയില്ല; 20 ദിവസത്തിനുശേഷവും തിരച്ചിൽ

ഗതാഗതക്കുരുക്കിൽ അകപ്പെട്ട കാറിൽ നിന്ന് ഇറങ്ങിയോടിയ നവവരനെ കണ്ടെത്തിയില്ല; 20 ദിവസത്തിനുശേഷവും തിരച്ചിൽബെംഗളൂരു: ഗതാഗതക്കുരുക്കിൽപ്പെട്ട കാറിൽനിന്ന് ഇറങ്ങിയോടിയ നവവരനെ കാണാതായിട്ട് മൂന്നാഴ്ച. ബെംഗളൂരു മഹാദേവപുരയിൽനിന്നു കാണാതായ യുവാവിനായി പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. യുവാവിനായി ബന്ധുക്കളും തിരച്ചിൽ നടത്തുന്നുണ്ട്.

ഫെബ്രുവരി 15നായിരുന്നു യുവാവിന്റെ വിവാഹം. പിറ്റേദിവസമാണ് കാണാതായത്. 16ന് പള്ളിയിൽനിന്നു തിരിച്ചുവരുമ്പോൾ വധുവും വരനും വന്ന വാഹനം ട്രാഫിക്കിൽപ്പെട്ടു. ഈ സമയം നവവരൻ കാറിന്റെ ഡോർ തുറന്ന് ഓടിപ്പോകുകയായിരുന്നു. ഭാര്യ പിന്നാലെ ഓടിയെങ്കിലും അയാൾ രക്ഷപ്പെട്ടു.

കുറച്ചു ദിവസം കാത്തിരുന്നശേഷം മാർച്ച് 5നാണ് ഭാര്യ പൊലീസിൽ പരാതിനൽകിയത്. കാമുകിയുടെ കൈവശം രഹസ്യ ഫോട്ടോകൾ ഉണ്ടെന്നും അവ സമൂഹമാധ്യമത്തിലൂടെ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് നവവരൻ മുങ്ങിയതെന്നാണ് യുവതി പരാതിയിൽ പറയുന്നത്.


ചിക്ബല്ലാപുർ ജില്ലയിലെ ചിന്താമണി സ്വദേശിയാണ് നവവരനെന്ന് 22കാരിയായ ഭാര്യ പറയുന്നു. കർണാടകയിലും ഗോവയിലും യുവതിയുടെ പിതാവ് നടത്തുന്ന കമ്പനിയിൽ ഇയാൾ ജോലി നോക്കിയിരുന്നു. അങ്ങനെ ഗോവയിൽ എത്തിയപ്പോഴാണ് കാമുകിയുമായി ബന്ധം ആരംഭിച്ചത്. ഈ ബന്ധം അവസാനിപ്പിക്കുമെന്ന് വിവാഹം കഴിക്കുന്നതിന് മുൻപ് യുവതിയോട് പറഞ്ഞെങ്കിലും തുടർന്നുകൊണ്ടിരുന്നു.

വിവാഹത്തിനുമുൻപുതന്നെ തന്നോട് ഇയാൾ ഇക്കാര്യം പറഞ്ഞിരുന്നെന്നും ബന്ധം അവസാനിപ്പിക്കുമെന്ന ഉറപ്പിലാണ് കല്യാണത്തിനു സമ്മതിച്ചതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ കാമുകി ബ്ലാക്മെയിൽ ചെയ്തതോടെയാണ് നവവരൻ മുങ്ങിയത്. ഇയാൾ ആത്മഹത്യാപ്രവണത കാണിച്ചിരുന്നെന്നും യുവതി പരാതിയിൽ പറയുന്നു. ഭര്‍ത്താവ് സുരക്ഷിതനായി തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് യുവതിയും കുടുംബവും.