റമദാന്‍: തെലങ്കാന സർക്കാർ മുസ്ലീം ജീവനക്കാരുടെ ജോലി സമയം കുറച്ചു; മാർച്ച് 23 മുതൽ പ്രാബല്യത്തിൽ

റമദാന്‍: തെലങ്കാന സർക്കാർ മുസ്ലീം ജീവനക്കാരുടെ ജോലി സമയം കുറച്ചു; മാർച്ച് 23 മുതൽ പ്രാബല്യത്തിൽ


ഹൈദരാബാദ്: റമദാൻ പ്രമാണിച്ച് മുസ്ലീം ജീവനക്കാരുടെ ജോലി സമയം കുറച്ച് തെലങ്കാന സർക്കാർ. റമദാൻ മാസം മുഴുവൻ എല്ലാ മുസ്ലീം സർക്കാർ ജീവനക്കാർക്കും കരാർ, ഔട്ട് സോഴ്സിംഗ്, പൊതുമേഖലാ ജീവനക്കാർക്ക് ഉൾപ്പെടെ പ്രാർത്ഥനക്കായി ഒരു മണിക്കൂർ നേരത്തേ ജോലി അവസാനിപ്പിക്കാം. ഇത് സംബന്ധിച്ച ഉത്തരവ് തെലങ്കാന സർക്കാർ പുറത്തിറക്കി. മാർച്ച് 23 മുതൽ ഏപ്രിൽ 23 വരെയാണ് ഉത്തരവുകൾ പ്രാബല്യത്തിലുള്ളത്.

ടി.എസ്-എം.എസ് സെൻട്രൽ അസോസിയേഷൻ ഹൈദരാബാദ് നൽകിയ നിവേദനത്തെത്തുടർന്ന് തെലങ്കാന ചീഫ് സെക്രട്ടറി ശാന്തി കുമാരിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തിൽ റമദാൻ വ്രതം മാർച്ച് 23ന് തുടങ്ങുമെന്ന് ഹിലാൽ കമ്മിറ്റിയും കേരള ജംഇയ്യത്തുൽ ഉലമയും അറിയിച്ചു. മാർച്ച് 21 ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് 12 മിനിറ്റ് മുമ്പ് ചന്ദ്രൻ അസ്തമിക്കുന്നതിനാൽ മാസപ്പിറവി കാണാൻ സാധ്യമല്ലെന്നും ശഅ്ബാൻ മാസം 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്നും കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മദനി പറഞ്ഞു

റമദാൻ വ്രതം മാർച്ച് 23 വ്യാഴാഴ്ച തുടങ്ങുമെന്ന് കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് പ്രൊഫ. എ അബ്ദുൽ ഹമീദ് മദീനിയും അറിയിച്ചു.  വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ദിവസം യുഎഇയിലെ വിശ്വാസികൾ 13 മണിക്കൂറിലധികം ഉപവസിക്കും. ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് വെബ്‌സൈറ്റിലാണ് ഈ വർഷത്തെഉപവാസ – ഇഫ്താർ സമയക്രമങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. പ്രഭാതത്തിലെ അഞ്ച് മണിക്കുള്ള ഫജ്ർ നമസ്‌കാരത്തോടെ ഉപവാസം ആരംഭിക്കും.

വൈകുന്നേരം 6.35നോടടുത്തുള്ള മഗരീബ് നമസ്‌കാരത്തോടെയാണ് ഉപവാസം അവസാനിപ്പിക്കുക. ഏകദേശം 13 മണിക്കൂർ 33 മിനിറ്റാണ് ഉപവാസത്തിന്റെ ദൈർഘ്യം. ഏപ്രിൽ 20 ഓടെ ഉപവാസ സമയം 14 മണിക്കൂറോളം ആകുമെന്നാണ് കണക്കുകൂട്ടൽ. കാരണം ഫജ്ർ നമസ്‌കാരം ഈ സമയങ്ങളിൽ 4.31നായിരിക്കും ആരംഭിക്കുക. ഈ ദിവസങ്ങളിലെ മഗരീബ് നമസ്‌കാരം വൈകുന്നേരം 6.47 നോട് അടുത്തായിരിക്കും. കഴിഞ്ഞ വർഷം റമദാൻ മാസത്തിലെ ആദ്യ ദിവസത്തിലെ ഉപവാസം 13 മണിക്കൂർ 48 മിനിറ്റാണ് നീണ്ടു നിന്നത്