പെണ്‍കുട്ടികളെ വെച്ച് പീഡനപ്രചരണം നടത്തുമെന്ന് ഭീഷണി; കത്തോലിക്ക വികാരിയില്‍ നിന്നും 25 ലക്ഷം തട്ടാന്‍ ശ്രമിച്ചെന്ന് പരാതി ; തമിഴ്‌നാട്ടില്‍ വിഎച്ച്പി നേതാവ് പിടിയില്‍

പെണ്‍കുട്ടികളെ വെച്ച് പീഡനപ്രചരണം നടത്തുമെന്ന് ഭീഷണി; കത്തോലിക്ക വികാരിയില്‍ നിന്നും 25 ലക്ഷം തട്ടാന്‍ ശ്രമിച്ചെന്ന് പരാതി ; തമിഴ്‌നാട്ടില്‍ വിഎച്ച്പി നേതാവ് പിടിയില്‍


ചെന്നൈ: കത്തോലിക്ക പള്ളിവികാരിയില്‍ നിന്നും 25 ലക്ഷം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തമിഴ്‌നാട്ടില്‍ വിഎച്ച്പി നേതാവ് പോലീസ് പിടിയില്‍. വന്‍ വിവാദം ഉണ്ടാക്കിയ ലാവണ്യ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടു വന്ന നേതാവും വിഎച്ച്പി അറിയാളൂര്‍ ജില്ലാ സെക്രട്ടറിയുമായ മുത്തുവേലാണ് പിടിയിലായത്.

അറിയാളൂര്‍ ജില്ലയിലെ ഔര്‍ലേഡി ലൂര്‍ദ്ദ് പള്ളിയിലെ വികാരി ഡൊമിനിക് സാവിയോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിഎച്ച്പി നേതാവിനെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 25 ലക്ഷം രൂപ കൊടുത്തില്ലെങ്കില്‍ സ്‌കൂള്‍വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന് പ്രചരിപ്പിച്ച് അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായിട്ടാണ് വൈദികന്റെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. അറസ്റ്റിന് പിന്നാലെ കോടതിയില്‍ ഹാജരാക്കിയ മുത്തുവേലിനെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

2022 ജനുവരിയില്‍ അറിയാളൂറില്‍ ലാവണ്യ എന്ന 17 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിയയാളാണ് മുത്തുവേല്‍. ക്രൈസ്തവികതയിലേക്ക് മതംമാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് താന്‍ സമ്മര്‍ദ്ദത്തിലാണെന്ന് പെണ്‍കുട്ടി പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നില്‍ മുത്തുവേലാണെന്നും ആശുപത്രി ബെഡില്‍ വെച്ച് മുത്തുവേല്‍ പെണ്‍കുട്ടിയെക്കൊണ്ടു പറയിപ്പിച്ച് ചിത്രീകരിച്ചതാണ് എന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വിഷം കഴിച്ച് പത്തു ദിവസം കഴിഞ്ഞ് മരണപ്പെട്ട പെണ്‍കുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് മജിസ്‌ട്രേറ്റിന് മുന്നിലും മൊഴി നല്‍കിയിരുന്നു. എന്നാല്‍ വീഡിയോയില്‍ പറഞ്ഞ മതംമാറ്റത്തെക്കുറിച്ച് പരാമര്‍ശിക്കുക പോലും ചെയ്തില്ല.

ആറുമാസം മുമ്പായിരുന്നു ഡൊമിനിക് സാവിയോ പരാതി നല്‍കിയത്. ഇതില്‍ മുത്തുവേലിനെതിരേ രൂക്ഷ ആരോപണമാണ് ഉള്ളത്. അറിയാളൂര്‍ കാരനായ വിനോദ് എന്നയാള്‍ തന്നെ സമീപിച്ച് ഇയാളും മുത്തുവേലും തമ്മില്‍ നടത്തിയ സംഭാഷണം എന്ന് പറഞ്ഞ് ഒരു റെക്കോഡിംഗ് കാട്ടി. തഞ്ചാവൂരില്‍ മരിച്ച പെണ്‍കുട്ടിയെ വെച്ച് താന്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നയാളാണെന്ന് വരുത്തുന്ന ഒരു പ്രചരണം ഇരുവരും ചേര്‍ന്ന് തയ്യാറാക്കുകയാണെന്നും പറഞ്ഞു.

പ്രചരണത്തിനായിപോസ്റ്ററുകളും ഫ്‌ളക്‌സും പ്രതിഷേധവും നടത്താന്‍ അഞ്ചുലക്ഷം രൂപ നല്‍കാന്‍ ആളുണ്ടെന്ന് വരെ മുത്തുവേല്‍ വിനോദിനോട് റെക്കോഡിംഗില്‍ പറയുന്നുണ്ട്. ഏതു തരം പ്രതിഷേധത്തിനും പണം മുടക്കാന്‍ ആളു റെഡിയാണെന്നാണ് മുത്തുവേല്‍ വിനോദിനോട് പറയുന്നത്. അതിന് ശേഷം പ്രചരണത്തിന് ഉപയോഗിക്കേണ്ട ആശയം ഞാന്‍ പറയാമെന്നും മുത്തുവേല്‍ പറയുന്നു. ''ഹിന്ദു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന വൈദികര്‍ക്കെതിരേ നടപടിയെടുക്കണം. ഹിന്ദുക്കളെ നിങ്ങളുടെ കുട്ടികളെ ഇത്തരം സ്‌കൂളുകളില്‍ ചേര്‍ക്കരുത്.''


ഇത്തരം സന്ദേശങ്ങള്‍ മോണ്ട്‌ഫോര്‍ട്ടും നിര്‍മ്മലയും ഉള്‍പ്പെടെ സ്ഥലത്തെ എല്ലാ ക്രിസ്ത്യന്‍ സ്‌കൂളുകളെ ബാധിക്കുമെന്നും മുത്തുവേല്‍ പറയുന്നു. പറയുന്നു. ഇത് തമിഴ്‌നാട്ടില്‍ ഉടനീളം നടപ്പാക്കണം. തമിഴ്‌നാട്ടില്‍ ഉടനീളം പ്രതിഷേധിക്കാന്‍ ഞാന്‍ ജനങ്ങളെ ഏര്‍പ്പാടാക്കിക്കൊള്ളാമെന്നും പറയുന്നുണ്ട്. ഇതുപോലെ ചെയ്താല്‍ തന്നേപ്പോലെ നിനക്കും പണമുണ്ടാക്കാമെന്നും മുത്തുവേല്‍ വിനോദിനോട് പറയുന്നു.


ആറു മാസം മുമ്പാണ് സംഭവം നടന്നതെന്ന് അറിയാളൂര്‍ പോലീസ് സൂപ്രണ്ട് ഫിറോസ്ഖാന്‍ പറഞ്ഞു. അതേസമയം ഈ പണാപഹരണം ഒറ്റപ്പെട്ട കേസല്ലെന്നും ഇത്തരം അനേകം കേസുകള്‍ ദിനംപ്രതി നടക്കുന്നുണ്ടെന്നും തമിഴ്‌നാട് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പീറ്റര്‍ അല്‍ഫോണ്‍സും പറയുന്നു. ഒരു മിനിറ്റും 39 സെക്കന്റും വരുന്ന ഓഡിയോ ക്ലിപ്പ് പിന്നീട് പുറത്തുവരികയും ചെയ്തിരുന്നു. 2022 ജനുവരി 19 നാണ് മിച്ചല്‍പട്ടി ഗ്രാമത്തിലെ സേക്രഡ്‌ഹേര്‍ട്ട് സ്‌കൂളിലെ 12 ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ലാവണ്യ മരണമടഞ്ഞത്.


പെണ്‍കുട്ടി മരണപ്പെട്ടതിന് പിന്നാലെ നാലു വീഡിയോകളാണ് പുറത്തുവന്നത്. ആദ്യ വീഡിയോയില്‍ തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പറയുന്ന പെണ്‍കുട്ടി രണ്ടാം വീഡിയോയില്‍ തന്റെ സ്‌കൂളിനെപ്പറ്റിയും മറ്റും പറയുന്നു. മൂന്നാമത്തെ വീഡിയോയിലാണ് രണ്ടു വര്‍ഷം മുമ്പ് ഒരു ടീച്ചറും ഒരു കന്യാസ്ത്രീയും ചേര്‍ന്ന് മതംമാറുന്നോ എന്ന് ചോദിച്ചതായി പെണ്‍കുട്ടി ആരോപിക്കുന്നത്. നാലാമത്തെ വീഡിയോയില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ ആരോപണം ഉന്നയിക്കുന്നു.


അതേസമയം പെണ്‍കുട്ടിയുടെ രണ്ടാനമ്മയെ സമീപിച്ച് മുത്തുവേല്‍ വീഡിയോ എടുക്കാന്‍ സഹായം നല്‍കാമെന്ന് പറഞ്ഞിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. വീഡിയോ റെക്കോഡ് ചെയ്യപ്പെട്ടതെന്ന് കരുതുന്ന ഫോണ്‍ അന്വേഷണത്തിനായി കൊണ്ടുപോയിരുന്നു. പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ അടക്കമുള്ളവര്‍ വീഡിയോ ഷെയര്‍ ചെയ്തിരുന്നതായി ദി സൗത്ത് ഫസ്റ്റ് ഡോട്ട്‌കോമും പറയുന്നു. ബിജെപി ഈ വിഷയത്തില്‍ പിന്നീട് വലിയ പ്രതിഷേധവും നടത്തിയിരുന്നു.