
കണ്ണൂർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പയ്യന്നൂർ എടാട്ട് സ്വദേശി മാത്രാടൻ പുതിരക്കൽ നിശാന്ത് (36) ആണ് അറസ്റ്റിലായത്.
ബസ് ഡ്രൈവറായ ഇയാൾ ആലക്കോട് ഉദയഗിരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഇരുപത്താറുകാരിയാണ് പരാതിക്കാരി.
ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ ബസ് ഡ്രൈവറായ നിശാന്തുമായി യുവതി സോഷ്യൽ മീഡിയയിലൂടെയാണ് പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും പ്രണയത്തിലായി. ഈ കാലയളവിൽ നിശാന്ത് പ്രലോഭിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി, പയ്യന്നൂർ പോലീസ് സ്റ്റേഷൻ റോഡിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
എന്നാൽ ശാരീരിക ബന്ധത്തിന് ശേഷം യുവാവ് തന്നിൽ നിന്നും അകന്നുവെന്നും ആലക്കോട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവം നടന്നത് പയ്യന്നൂരിലായതിനാൽ ആലക്കോട് പൊലീസ് പയ്യന്നൂർ പൊലിസിന് കേസ് കൈമാറുകയായിരുന്നു.
യുവതിയുടെ പരാതിയിൽ കേസെടുത്ത് പയ്യന്നൂർ സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കെനായരുടെ നിർദേശ പ്രകാരം എസ്ഐ ഉണ്ണികൃഷ്ണൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പെരുമ്പയിൽനിന്നുമാണ് പ്രതിയെ പിടികൂടിയത്.