എച്ച്3എൻ2 വൈറസ് ബാധ; ഇന്ത്യയില്‍ ആദ്യമായി മരണം, മരിച്ചത് 2 പേര്‍

എച്ച്3എൻ2 വൈറസ് ബാധ; ഇന്ത്യയില്‍ ആദ്യമായി മരണം, മരിച്ചത് 2 പേര്‍


മാസങ്ങളായി രാജ്യത്ത് പലയിടങ്ങളിലും കാര്യമായ രീതിയിലാണ് പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് വരുന്നത്. ഡെങ്കിപ്പനി, എലിപ്പനി, സീസണലായി വരുന്ന വൈറല്‍ പനി എന്നിവയ്ക്കെല്ലാം പുറമെ കുട്ടികള്‍ക്കിടയില്‍ പടരുന്ന അഡെനോവൈറസ്, എച്ച്1 എൻ1, എച്ച്3എന്‍2 വൈറസ് ബാധകളും ആണ് ഇക്കാലയളവിനുള്ളില്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

ഇപ്പോഴിതാ രാജ്യത്ത് ആദ്യമായി എച്ച്3എൻ2 വൈറസ് ബാധയേറ്റ് മരണമുണ്ടായിരിക്കുന്നുവെന്നതാണ് ഏറ്റവും പുതുതായി ലഭിക്കുന്ന വാര്‍ത്ത. രണ്ട് പേര്‍ ഇത്തരത്തില്‍ എച്ച്3എൻ2 ബാധയേറ്റ് മരിച്ചതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. 

മരിച്ചവരില്‍ ഒരാള്‍ ഹരിയാന സ്വദേശിയും ഒരാള്‍ കര്‍ണാടകയിലെ ഹാസൻ സ്വദേശിയുമാണ്. ഹാസൻ സ്വദേശി ഹിരേ ഗൗഡ (82)  മാര്‍ച്ച് ഒന്നിനാണ് മരിച്ചത്. ഇതിന് ശേഷമാണ് ഇദ്ദേഹത്തിന് എച്ച്3എൻ2 വൈറസ് ബാധ സ്ഥിരീകരിച്ചത്. കടുത്ത പനി ബാധിച്ചതോടെ ഫെബ്രുവരി 24നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആസ്ത്മ- ബിപി എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ ഇദ്ദേഹത്തിന് നേരത്തെ ഉണ്ടായിരുന്നുവത്രേ. 

ഹിരേ ഗൗഡയുടേത് എച്ച്3എൻ2 മരണമാണെന്ന് സ്ഥിരീകരിച്ചതോടെ ഹാസനില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഗൗഡയുമായി അടുത്തിടപഴകിയിരുന്നവരെ സൂക്ഷ്മനിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതേസമയം ഹരിയാനയില്‍ മരിച്ച രോഗിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.