ലിറ്ററിൽ 8 രൂപവരെ വ്യത്യാസം, എല്ലാവരും കർണ്ണാടകയിലേക്ക്; അടച്ചുപൂട്ടി വയനാട്ടിലെ പമ്പ്, നഷ്ടക്കച്ചവടമെന്ന് ഉടമ


ലിറ്ററിൽ 8 രൂപവരെ വ്യത്യാസം, എല്ലാവരും കർണ്ണാടകയിലേക്ക്; അടച്ചുപൂട്ടി വയനാട്ടിലെ പമ്പ്, നഷ്ടക്കച്ചവടമെന്ന് ഉടമ

മാനന്തവാടി: കേരളത്തിലും കര്‍ണാടകത്തിലും ഡിസലിനും പെട്രോളിനും രണ്ട് വിലയാണ്. കേരളത്തിലേക്കാളും എട്ട് രൂപവരെ കുറവുള്ളതിനാല്‍ ലോറികള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ കര്‍ണാടകത്തിലെത്തി ഫുള്‍ടാങ്ക് എണ്ണയടിച്ചാണ് തങ്ങള്‍ക്കുണ്ടാകുന്ന അമിത ചെലവ് ലഘൂകരിക്കുന്നത്. കര്‍ണാടകത്തില്‍ നിന്നുള്ള വാഹനങ്ങളുടെ എണ്ണയടിക്കല്‍ വര്‍ധിച്ചതോടെ കച്ചവടം കുറഞ്ഞ് പമ്പ് തന്നെ അടച്ചുപൂട്ടേണ്ടി വന്നിരിക്കുകയാണ് വയനാട്ടിലെ ഒരു ഉടമക്ക്. തിരുനെല്ലി പഞ്ചായത്തില്‍ തോല്‍പ്പെട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പമ്പാണ് ജീവനക്കാര്‍ക്ക് കൂലി നല്‍കാനും പോലും കഴിയാത്തതിനാല്‍ അടച്ചുപൂട്ടിയിരിക്കുന്നത്. 

ഡീസലിനും പെട്രോളിനും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രണ്ട് രൂപയുടെ സെസ് കൂടി പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ നഷ്ടത്തിലേക്കായിരിക്കും പോക്കെന്ന് കണ്ടാണ് ഉടമയുടെ നടപടി. തോല്‍പ്പെട്ടിയില്‍ നിന്ന് മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ച് കുട്ടയിലെത്തിയാല്‍ എട്ട് രൂപവരെയാണ് ലിറ്ററില്‍ വ്യത്യാസം വരുന്നത്. ഇത് കണക്കിലെടുത്ത് ഇരുചക്രവാഹനയാത്രികര്‍ പോലും കുട്ടയിലെത്തി ഫുള്‍ടാങ്ക് പെട്രോളും വാങ്ങി കേരളത്തിലേക്ക് തിരിക്കുന്ന സാഹചര്യമാണുള്ളതെന്ന് മാനന്തവാടി സ്വദേശിയായ പമ്പുടമ പറഞ്ഞു. 

കേരളത്തിലെ വിലയും ഇതരസംസ്ഥാനങ്ങളിലെ വിലയും തമ്മില്‍ വലിയ അന്തരം വന്നതോടെയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് കീഴിലുള്ള പിമ്പിനെ വാഹനഉടമകള്‍ കൈയ്യൊഴിയാന്‍ ഇടയായത്. മുന്‍കാലങ്ങളില്‍ രണ്ട് രൂപയൊക്കെയായിരുന്നു വിലവ്യത്യാസം. ഇത് വര്‍ധിച്ച് എട്ട് രൂപവരെ എത്തിയെന്നാണ് ഉടമ ചൂണ്ടിക്കാട്ടുന്നത്. കാറുകളും ചരക്കുവാഹനങ്ങളും സ്ഥിരമായി വലിയ അളവില്‍ ഇന്ധനം നിറക്കുന്നത് കര്‍ണാടകയില്‍ നിന്നാണ്. 

കച്ചവടം ഗണ്യമായി കുറഞ്ഞതോടെ ജോലിക്കാരില്‍ ചിലരെ ഒഴിവാക്കി ഓടിച്ച് നോക്കിയെങ്കിലും രക്ഷയുണ്ടായിരുന്നില്ലെന്ന് പമ്പുടമ പറഞ്ഞു. വര്‍ഷങ്ങളായി തോല്‍പ്പെട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പമ്പ് ഏതാനും മാസം മുന്‍പ് വരെ വലിയ വലിയ കുഴപ്പമില്ലാതെ പ്രവര്‍ത്തിച്ചു വന്നതായിരുന്നു. ഇക്കഴിഞ്ഞ ബജറ്റില്‍ ഇന്ധന സെസ് കൂടെ ഏര്‍പ്പെടുത്തിയതോടെ സ്ഥാപനം അടുത്തെങ്ങും തുറക്കാന്‍ കഴിയില്ലെന്ന ആശങ്കയും ഉടമ പങ്കുവെച്ചു.