സിപിഎമ്മും കോൺഗ്രസും കൈ കോർത്തിട്ടും ഫലമില്ല; ത്രിപുര ബിജെപിക്ക് ഒപ്പം, തുടർ ഭരണം ഉറപ്പിച്ചു

സിപിഎമ്മും കോൺഗ്രസും കൈ കോർത്തിട്ടും ഫലമില്ല; ത്രിപുര ബിജെപിക്ക് ഒപ്പം, തുടർ ഭരണം ഉറപ്പിച്ചു


അഗർത്തല: നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാം വട്ടവും ബിജെപി ത്രിപുരയിൽ അധികാരത്തിലേക്ക്. അധികാരത്തിൽ തിരിച്ചെത്താൻ കോൺഗ്രസുമായി കൈകോർത്ത സിപിഎമ്മിന് തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റു. ഐപിഎഫ്ടി എന്ന എൻഡിഎ സഖ്യകക്ഷിയുടെ കോട്ടകൾ കീഴടക്കി തിപ്ര മോത പാർടി ആദ്യ തെരഞ്ഞെടുപ്പ് ചരിത്ര മുന്നേറ്റമാക്കി മാറ്റി. ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിലേറെ സീറ്റിൽ മുന്നേറുന്നുണ്ട്. സിപിഎമ്മിനും തിപ്ര മോത പാർട്ടിക്കും 11 സീറ്റുകളിൽ വീതമാണ് മുന്നേറ്റം. കോൺഗ്രസ് നാലിടത്ത് മുന്നിലാണ്.

സംസ്ഥാനത്ത് തിരിച്ചുവരവിനായി കോൺഗ്രസുമായി കൈകോർത്ത സിപിഎമ്മിന് കനത്ത തിരിച്ചടിയേറ്റു. മുൻപ് 60 സീറ്റിൽ മത്സരിച്ച ഇടതുപക്ഷം ഇക്കുറി 17 ഓളം സീറ്റുകൾ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ പിന്തുണച്ച് ഒഴിച്ചിട്ടു. ഇതിന്റെ പ്രത്യാഘാതമെന്നോണം സിപിഎമ്മിന് സീറ്റുകൾ കുറഞ്ഞു. കഴിഞ്ഞ തവണ 16 സീറ്റ് വിജയിച്ച സിപിഎമ്മിന് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 11 സീറ്റിലാണ് മുന്നേറാനായത്. അതേസമയം കോൺഗ്രസിന് കഴിഞ്ഞ തവണ ഒരു സീറ്റ് പോലും ജയിക്കാനാവാത്ത സ്ഥിതി മാറി. നാല് സീറ്റിൽ മുന്നേറാനായി.

തിപ്ര മോത പാർട്ടി 40 ഓളം സീറ്റിൽ മത്സരിച്ചിരുന്നു. 11 ഇടത്ത് മുന്നിലെത്താനായി. ബിജെപി ആവശ്യങ്ങൾ അംഗീകരിച്ചാൽ പിന്തുണയ്ക്കാമെന്നാണ് തിപ്ര മോത പാർട്ടിയുടെ തലവൻ പ്രത്യുദ് ദേബ് ബർമൻ വ്യക്തമാക്കുന്നത്. കേവല ഭൂരിപക്ഷം ബിജെപി ഉറപ്പിച്ചതോടെ പ്രത്യുദിന്റെ പാർട്ടിക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നേക്കും.