നൂതന സാങ്കേതികവിദ്യയിൽ മറ്റൊരു റോഡ് പ്രവൃത്തി കൂടി..

നൂതന സാങ്കേതികവിദ്യയിൽ മറ്റൊരു റോഡ് പ്രവൃത്തി കൂടി..


ഫുൾ ഡെപ്ത് റിക്ലമേഷൻ (എഫ്ഡിആർ), ബൈആക്സിയല്‍ സിന്തറ്റിക്സ് ജിയോഗ്രിഡ്, കയർ ഭൂവസ്ത്രം എന്നിങ്ങനെ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കാലാവസ്ഥയെ അതിജീവിക്കുന്ന റോഡുകൾ പൊതുമരാമത്ത് വകുപ്പ് കേരളത്തിൽ നിർമ്മിച്ചുവരികയാണ്.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട സ്വാമിപാലം – മേപ്രാൽ – കൊമ്മെങ്കേരിച്ചിറ – അംബേദ്കർ കോളനി റോഡ് പുനരുദ്ധാരണം നൂതന സാങ്കേതികവിദ്യയായ വെളുത്ത പെർമിയബിൾ ജിയോടെക്സ്റ്റൈൽ ഫാബ്രിക് ഉപയോഗിച്ചാണ് നടത്തുന്നത്.

മഴയിൽ നിന്നു റോഡിനെ സംരക്ഷിക്കുന്ന വലിയ ഷീറ്റുകളാണ് പെർമിയബിൾ ജിയോടെക്സ്റ്റൈൽ ഫാബ്രിക്. ഇവ മണ്ണൊലിപ്പ് തടയുകയും വെള്ളം ഒഴുകിപ്പോകാൻ സഹായിക്കുകയും ചെയ്യുന്നു.

ഒരു റോഡിന് അടിയിലുള്ള മണ്ണ് നിരന്തരം നനഞ്ഞിരിക്കുന്നതോ ചെളി നിറഞ്ഞതോ ആയ ഭൂപ്രകൃതിയിലാണെങ്കിൽ അതിന്റെ സ്വാഭാവിക ശക്തി വളരെ കുറവായിരിക്കും. ഇത് കാരണം ഇത്തരം സ്ഥലങ്ങളിലെ റോഡുകൾക്ക് പെട്ടെന്ന് കേടുപാടുകൾ സംഭവിക്കുന്നു. ഇതിന് പരിഹാരമായി, അങ്ങനെയുള്ള സ്ഥലങ്ങളിൽ ജിയോ ടെക്‌സ്‌റ്റൈൽസ് കൂടുതൽ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. റെയിൽവേ, തീരദേശവുമായി ബന്ധപ്പെട്ട നിർമ്മാണങ്ങൾ, ജലസ്രോതസ്സുകളുമായി ബന്ധപ്പെട്ട നിർമ്മാണങ്ങൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ സാങ്കേതികവിദ്യ ഫിൽട്ടറേഷൻ, മണ്ണൊലിപ്പ് നിയന്ത്രണം, മണ്ണ് ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് കൂടുതൽ ഫലപ്രദമാണ്.

തിരുവല്ലയിലെ 5.1 കിലോമീറ്റർ നീളമുള്ള സ്വാമിപാലം – അംബേദ്കർ കോളനി റോഡ് ഏഴു കോടി രൂപ വിനിയോഗിച്ചാണ് പെർമിയബിൾ ജിയോടെക്സ്റ്റൈൽ ഫാബ്രിക് സാങ്കേതികവിദ്യയിൽ പുനരുദ്ധരിക്കുന്നത്.