ഇടയ ശ്രേഷ്ഠന് നാടിന്റെ യാത്രമൊഴി

ഇടയ ശ്രേഷ്ഠന് നാടിന്റെ യാത്രമൊഴി



കോട്ടയം: ചങ്ങനാശേരി അതിരുപത മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന് നാടിന്റെ യാത്രാമൊഴി. ചങ്ങനാശേരി വലിയ െമത്രാപ്പോലീത്ത പള്ളിയില്‍ കബറടക്ക ശുശ്രൂഷയുടെ രണ്ടാംഘട്ടം നടക്കുകയാണ്. രാവിലെ 9.30ന് ആരംഭിച്ച സംസ്‌കാര ശുശ്രൂഷയ്ക്ക് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ കാര്‍മ്മികനായി. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അടക്കം അമ്പതോളം ബിഷപ്പുമാര്‍ സഹകാര്‍മ്മികരാണ്.

സിറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ, ലത്തീന്‍സഭാ കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കും. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വേണ്ടി വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി അയച്ച അനുശോചന സന്ദേശം ബിഷപ് മാര്‍ തോമസ് പാടിയത്ത് വായിക്കും.

ചെമ്പ് പട്ടയില്‍ കൊത്തി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സാക്ഷ്യപ്പെടുത്തി കൈയൊപ്പു ചാര്‍ത്തിയ മാര്‍ പവ്വത്തിലിന്റെ ജീവിതരേഖ ഭൗതികശരീരത്തോടൊപ്പം പെട്ടിയില്‍ വച്ചാണ് അടക്കം ചെയ്യുന്നത്. മെത്രാപ്പോലീത്തന്‍ പള്ളിയോട് ചേര്‍ന്നുള്ള മര്‍ത്ത്മറിയം കബറിട പള്ളിയിലാണ് ഭൗതികശരീരം സംസ്‌കരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ബഹുമതിയോടെയാണ് കബറടക്കം. മുഖ്യമന്ത്രിക്ക് വേണ്ടി കലക്ടര്‍ പി.കെ ജയശ്രീ ആദരാഞ്ജലി അര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ്, ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള എന്നിവരും ആദരാഞ്ജലി അര്‍പ്പിച്ചു. മന്ത്രിമാരായ വി.എന്‍ വാസവന്‍, ആന്റണി രാജു, റോഷി അഗസ്റ്റിന്‍, എല്‍ഡിഎഫ് എംഎല്‍എമാര്‍ എന്നിവരും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തുടങ്ങിയ യുഡിഎഫ് പ്രതിനിധികളും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.