
രാജ്യം ഒരു ഇലക്ട്രിക്ക് വാഹന വിപ്ലവത്തിനാണ് സാക്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ഈ സാചര്യത്തില്‍ രാജ്യമെമ്പാടും നിരവധി ഇലക്ട്രിക്ക് ചാര്‍ജ്ജിംഗ് സ്റ്റേഷനുകളും തുറക്കുന്നുണ്ട്. ഇപ്പോഴിതാ കേരളത്തില്‍ ഇലക്ട്രിക്ക് വാഹനം ചാർജു ചെയ്യാൻ സ്വകാര്യ-സഹകരണ സ്ഥാപനങ്ങളിലും സംവിധാനമൊരുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇത്തരത്തില്‍ നാലിടത്ത് പ്രവര്‍ത്തനം തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. പത്തനംതിട്ട മൂഴിയാർ, ആലപ്പുഴ തോട്ടപ്പള്ളി, കോഴിക്കോട് കുന്ദമംഗലത്തെ വെണ്ണക്കാട്, കൊയിലാണ്ടി എന്നിവിടങ്ങളിലെ ഹോട്ടലുകൾ, മാളുകൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിലാണ് ഇത്തരം ചാര്‍ജ്ജിംഗ് പോയിന്‍റുകള്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. കണ്ണൂർ, വയനാട്, ആലപ്പുഴ ജില്ലകളിൽ മൂന്നിടത്തുകൂടി ഉടൻ തുടങ്ങും. ഇതിൽ കണ്ണൂരിലേത് ഒരു സഹകരണ സ്ഥാപനവുമായി ബന്ധപ്പെട്ടാണ് സ്ഥാപിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇലക്ട്രിക്ക് പോസ്റ്റില്‍ നിന്നു ചാർജുചെയ്യാൻ 140 നിയോജക മണ്ഡലങ്ങളിലായി 1,166 സ്റ്റേഷനുകൾ സംസ്ഥാനത്ത് നിലവിലുണ്ട്. അതിവേഗം ചാർജു ചെയ്യാവുന്ന 63 സ്റ്റേഷനുകൾക്കു പുറമേയാണിത്. ഇതു കൂടാതെയാണു സ്വകാര്യ - സഹകരണ സ്ഥാപനങ്ങളിലും ചാര്‍ജ്ജിംഗ് സംവിധാനം ഏർപ്പെടുത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വകാര്യമേഖലയിൽ ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് അനെർട്ടുവഴി രണ്ടുരീതിയിലാണ് സബ്‍സിഡി. കെ.എസ്.ഇ.ബി. യുടെ വൈദ്യുതി ഉപയോഗിച്ച് ചാർജുചെയ്യുന്ന ഉപകരണങ്ങൾ വാങ്ങാൻ 25 ശതമാനം സബ്‍സിഡി ലഭിക്കും. സൗരോർജ വൈദ്യുതി ഉപയോഗിച്ചാണ് ചാർജിംഗ് എങ്കിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് കിലോവാട്ടിന് 20,000 രൂപവീതം സബ്‍സിഡി അനുവദിക്കും. സ്വകാര്യ സ്ഥാപനങ്ങൾ കൂടുതലും സൗരോർജ വൈദ്യുതിക്കാണു മുൻഗണന നൽകുന്നത്. പരമാവധി പത്തുലക്ഷം രൂപയാണ് ഇരുപദ്ധതികൾക്കുമുള്ള സബ്‍സിഡി എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഇലക്ട്രിക്ക് വാഹന ചാര്‍ജ്ജിംഗ് സ്റ്റേഷനുകളെ സംബന്ധിച്ച മറ്റൊരു വാര്‍ത്തയില്‍ രാജ്യത്തെ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ മറ്റേതൊരു സാങ്കേതിക ആപ്ലിക്കേഷനെയും പോലെ സൈബർ ആക്രമണങ്ങൾക്കും സൈബർ സുരക്ഷാ വീഴ്‍ചകള്‍ക്കും വിധേയമാകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി നിതിൻ ഗഡ്‍കരി ലോക്‌സഭയിൽ വ്യക്തമാക്കിയിരുന്നു.
ഇ വി ചാർജിങ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളിലും ആപ്ലിക്കേഷനുകളിലും സുരക്ഷാ വീഴ്ചകൾ സംഭവിച്ചതായുള്ള റിപ്പോർട്ട് ലഭിച്ചതായി ഇന്ത്യയിലെ സൈബർ സുരക്ഷാ സംഭവങ്ങൾ നിരീക്ഷിക്കാൻ നിയോഗിക്കപ്പെട്ട ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് (സി.ഇ.ആർ.ടി-ഇൻ) ടീം അറിയിച്ചിട്ടുണ്ട് എന്ന് ഗഡ്‍കരി വ്യക്തമാക്കി. ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി ഇക്കാര്യം വെളിപ്പെടുത്തിയത്.