ഒരു വർഷം കൊണ്ട് കൈവരിക്കേണ്ട ഉത്പാദന ലക്ഷ്യം കുറഞ്ഞ മാസങ്ങൾ കൊണ്ട് മറികടന്നാണ് ബാരാപോൾ കെഎസ്ഇബിയുടെ മികച്ച ചെറുകിട ജല വൈദ്യുത പദ്ധതി എന്ന സ്ഥാനത്തേക്ക് ഉയർന്നിരിക്കുന്നത്. വാർഷിക ഉത്പാദന ലക്ഷ്യമായ 36 ദശലക്ഷം യൂണിറ്റ് നാലുമാസം കൊണ്ടാണ് പിന്നിട്ടത്.ഇക്കുറി 43.27 ദശലക്ഷംയൂണിറ്റ് വൈദ്യുതിയാണ് ബാരാപോളിൽ നിന്ന് ഉത്പാദിപ്പിച്ചത്. ഇത് വാർഷിക ഉത്പാദന ലക്ഷ്യത്തേക്കാൾ 7.27 ദശലക്ഷം യൂണിറ്റ് അധികമാണ്.
ജൂൺ മുതൽ മേയ് വരെയുള്ള 12 മാസ കാലയളവാണ് വൈദ്യുത ഉത്പാദനത്തിലെ ഒരു വർഷമായി കണക്കാക്കുന്നത്. ഈ കാലയളിൽ ലക്ഷ്യമിട്ട ഉത്പാദനമാണ് 36 ദശലക്ഷം യൂണിറ്റ്. പുഴയിലെ നീരൊഴുക്കിന്റെ ശക്തി കുറയുന്നതിനനുസരിച്ച് മൂന്ന് ജനറേറ്ററുകളിൽ ഒന്നായി കുറച്ച് മണിക്കൂറുകൾ ഇടവിട്ടും മറ്റും ഉത്പാദിപ്പിച്ചാണ് 36 മെഗാവാട്ടായി പ്രതിവർഷ ഉത്പാദനം കണക്കാക്കിയിരുന്നത്.
കർണാടകയിലെ ബ്രഹ്മഗിരി മലനിരകളിൽ നിന്ന് ഒഴുകി വരുന്ന ബാരാപോൾ പുഴയിലെ ജലം മൂന്നര കിലോമീറ്റർ നീളമുള്ള കനാലിലൂടെ ബാരാപോൾ പവർഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഇക്കുറി തുലാവർഷം ചതിച്ചതാണ് 50 ദശലക്ഷം യൂണിറ്റ് എന്ന ലക്ഷ്യത്തിന് തടസമായത്. ഡിസംബർ വരെ മൂന്ന് ജനറേറ്ററും പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിലും പിന്നീട് പുഴയിലെ നീരൊഴുക്ക് ക്രമാതീതമായി കുറയുകയായിരുന്നു. രണ്ടാഴ്ച്ച മുന്പു വരെ ഒരു ജനറേറ്റർ മണിക്കൂറുകൾ ഇടവിട്ട് പ്രവർത്തിപ്പിച്ചിരുന്നു.
2016 ഫെബ്രുവരി 29 നാണ് ബാരാപോളിൽ നിന്ന് ഉത്പാദനം തുടങ്ങിയത്. തുടർന്ന് മൂന്ന് വർഷങ്ങളിലും കാര്യമായ ഉത്പാദനമൊന്നും ഉണ്ടായില്ല. ഉരുൾപെട്ടലിനെ തുടർന്ന് പദ്ധതിയുടെ കനാലിൽ ഉണ്ടായ ചോർച്ചയും ജനറേറ്റർ തകരാറുമെല്ലാം പദ്ധതിയെ പൂർണ നഷ്ടത്തിലാക്കിയിരുന്നു. പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചതിന് പിന്നാലെയാണ് മികച്ച ഉത്പാദനം. നാല് മെഗാവാട്ട് സൗരോർജ പദ്ധതിയിൽ നിന്നുള്ള വൈദ്യുതിയും ഇപ്പോൾ ബാരാപോളിൽ നിന്നും ഉത്പാദിപ്പിക്കുന്നുണ്ട്.