കൊടും വേനലിലും പഴശ്ശി ജലസമൃദ്ധമെങ്കിലും ജലവിതാനം താഴുന്നത് ആശങ്കക്കിടയാക്കുന്നു

കൊടും വേനലിലും  പഴശ്ശി ജലസമൃദ്ധമെങ്കിലും ജലവിതാനം താഴുന്നത് ആശങ്കക്കിടയാക്കുന്നു   

ഇരിട്ടി: ജില്ലയുടെ പ്രധാന കുടിവെള്ള സ്ത്രോതസ്സായ പഴശ്ശി കൊടും വേനലിലും കണ്ണിനും മനസ്സിനും കുളിരേകി  ജലസമൃദ്ധമായി നിൽക്കുമ്പോഴും ക്രമാതീതമായി ജലവിതാനം താഴുന്നത് ആശങ്കക്കിടയാക്കുകയാണ്. ഓരോ ദിവസവും രണ്ടടിയിലേറെ  ജലവിതാനം താണുകൊണ്ടിരിക്കുകയാണ്. ഇത് പഴശ്ശിയിയെ ആശ്രയിച്ചു കുടിവെള്ളം നൽകുന്ന എട്ടോളം പദ്ധതികളെ അവതാളത്തിലാക്കുമോ എന്നതാണ് ആശങ്ക ജനിപ്പിക്കുന്നത്. 
പഴശ്ശിയുടെ ജല സ്ത്രോതസുകളായ ബാവലിയും ബാരാപ്പുഴയും കഠിനമായ ചൂടിൽ വറ്റി വരണ്ട് പലയിടങ്ങളിലും ഒഴുക്ക് നിലച്ച നിലയിലാണ്. ഇതുമൂലം  ആവശ്യത്തിന് വെള്ളം  പഴശ്ശി ജലസംഭരണിയിൽ എത്താത്തതാണ് ആശങ്കയിലാക്കുന്നത്. കൂടാതെ ഇക്കുറി പഴശ്ശിയിൽ പൂർണതോതിൽ വെള്ളം കയറ്റി നിലനിർത്തുന്നതിൽ കാലതാമസം വരുത്തിയിരുന്നു. പുഴകളിൽ നീരൊഴുക്ക് ഉള്ള സമയത്തു തന്നെ ഷട്ടർ ഇട്ടെങ്കിലും വെള്ളം ക്രമീകരിച്ചു നിർത്തുകയായിരുന്നു. പടിയൂർ ടൂറിസം പദ്ധതിക്കായി റിസർവോയർ പ്രദേശത്ത് സുരക്ഷാ ഭിത്തി കിട്ടുന്നതിനാൽ ആയിരുന്നു ഇത്.  രണ്ടാഴ്ചയിലേറെ പണി നീണ്ടുപോയതോടെ  പുഴയിലെ നീരൊഴുക്കിൽ ഗണ്യമായ കുറവ് വരികയും സംഭരണ ശേഷിയായ 26.52 ൽ വെള്ളം നിരക്കുന്നതിനു കഴിയാതെയും വന്നു. പ്രദേശങ്ങളിലെ  താപനില 40ന് മുകളിലേക്ക് കടന്നതോടെ പദ്ധതിയിൽ കുടിവെള്ളത്തിനായി സംഭരിച്ച വെള്ളം ദിനം പ്രതി താന് തുടങ്ങി. ഇതേ നില തുടർന്നാൽ പദ്ധതിയിൽ നിന്നുള്ള എട്ടോളം കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിലാകും.  
ബാവലിക്കും ബാരാപ്പോളിനും പുറമേ  പദ്ധതിയിലേക്ക് എത്തുന്ന മറ്റ് ചെറു നദികളും തോടുകളുമെല്ലാം രണ്ടാഴ്ച്ചക്കിടയിൽ പൂർണ്ണമായും വറ്റി വരണ്ടു. പദ്ധതിയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ നാലിരട്ടിയിലധികം കുടിവെള്ളത്തിനായി വിവിധ പമ്പിംങ് സ്റ്റേഷനുകൾ വഴി സംഭരണിയിൽ നിന്നും എടുക്കുന്നുമുണ്ട്.  പദ്ധതിയുടെ വ്യഷ്ടി പ്രദേശങ്ങളിൽ ഒരുമാസത്തിനിടയിൽ ശക്തമായ വേനൽ മഴ ലഭിച്ചില്ലെങ്കിൽ പദ്ധതിയിലെ ജപ്പാൻ കുടിവെള്ള പദ്ധതിയെപോലും ഇത്  ബാധിക്കും.
300 ദശലക്ഷം ലിറ്റർ വെള്ളമാണ് പഴശ്ശി പദ്ധതിയിൽ നിന്നും ദിനം പ്രതി കുടിവെള്ളത്തിനായി പമ്പ് ചെയ്യുന്നത്. ഒരു കോർപ്പറേഷൻ, ഏഴ് നഗരസഭ, 36 പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ കുടിവെള്ളം എത്തിക്കുന്നത് പഴശ്ശിയിൽ നിന്നാണ്. ഇതിനായി എട്ട് വലിയ കുടിവെള്ള പദ്ധതികളാണ് പദ്ധതിയിൽ പ്രവർത്തിക്കുന്നത്. കൂടാതെ മറ്റ് അഞ്ചോളം ചെറുകിട പദ്ധതികളും പദ്ധതിയിൽ പ്രവർത്തിക്കുന്നുണ്ട്. 
90 ദലശക്ഷം ലിറ്റർ വെള്ളമാണ് ജപ്പാൻ കുടിവെള്ള പദ്ധതിക്കായി (പട്ടുവം) പദ്ധതിക്കായി പഴശ്ശിയിൽ നിന്നും ദിനം പ്രതി പമ്പ് ചെയ്യുന്നത്. നാലു നഗരസഭളും 14 പഞ്ചായത്തുകളും പദ്ധതിയുടെ പരിധിയിൽ വരുന്നു. ആന്തൂർ, ശ്രീകണ്ഠപുരം , തളിപ്പറമ്പ്, പയ്യന്നൂർ  എന്നീ നഗരസഭകൾക്കും ഇരിക്കൂർ, പട്ടവം, മലപ്പട്ടം, കുറുമാത്തൂർ, ചപ്പാരപ്പടവ്, പരിയാരം, കടന്നപ്പള്ളി- പണപ്പുഴ, കണ്ണപുരം, കല്യാശ്ശേരി, ചെറുകുന്ന്, മാട്ടൂൽ, പാപ്പിനിശേരി, ഏഴോം , മാടായി എന്നി പഞ്ചായത്തുകളിലുമായി 40000ത്തോളം കുടുംബങ്ങൾക്കാണ് പഴശ്ശി ദാഹദായിനിയായി മാറുന്നത്. ഇതേ നില തുടരുകയാണെങ്കിൽ സംഭരണിയിൽ നിന്നും 24 മണിക്കൂറും പമ്പിംങ്ങ് നടത്തുന്നത് പ്രതിസന്ധിയിലാകും. 
പഴശ്ശിയുടെ തകർന്ന കനാലുകൾ നവീകരിച്ച് ഏപ്രിൽ മാസത്തോടെ വെള്ളമൊഴുക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.  പദ്ധതിയിൽ ക്രമാതീതമായി വെളളം കുറയുന്ന സാഹചര്യം കനാൽ വഴി വെള്ളം വിടാനുള്ള പ്രവർത്തനങ്ങളേയും പ്രതിസന്ധിയിലാക്കി. ഏപ്രിൽ രണ്ടാം വാരത്തിനുള്ളിൽ 15 കിലോമീറ്റർ മെയിൻ കനാൽ വഴിയും മാഹി ബ്രാഞ്ച് കനാലിന്റെ എട്ടുകിലോമീറ്ററും വെളളം എത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് പദ്ധതിയിൽ ദിനം പ്രതി  വെളളം ക്രമാതീതമായി കുറയുന്നത്. സംഭരണ ശേഷി 24 മീറ്ററിൽ താഴ്ന്നാൽ കനാൽ വഴിയുള്ള വെള്ളം വിതരണത്തെ അത്  ബാധിക്കും. 
കനാലിൽ വെള്ളമൊഴുക്കൽ ട്രയൽ റൺ 20 ന് രാവിലെ - പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം 
============
24 മണിക്കൂറും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഈ മാസം 20 ന് രാവിലെ 8 മണിക്ക്  മെയിൻ കനാൽ വഴി 15 കിലോമീറ്ററും മാഹിബ്രാഞ്ച് കനാൽ വഴി  8കിലോമീറ്ററും വെള്ളം എത്തിക്കാനുള്ള ട്രയൽറൺ നടത്താനാണ് ഇപ്പോൾ തീരുമാനം.    ട്രയൽ റൺ നടക്കുന്നതിനാൽ ഇരിട്ടി , മട്ടന്നൂർ നഗരസഭകളിലേയും കീഴല്ലൂർ, മാങ്ങാട്ടിടം, വേങ്ങാട് പഞ്ചായത്തുകളിലെയും കനാൽ പ്രദേശത്തു താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ പഴശ്ശി ഇറിഗേഷൻ പ്രൊജക്ട് ഡിവിഷണൽ എക്സിക്യു്ട്ടീവ് എഞ്ചിനീയർ അറിയിച്ചിട്ടുണ്ട്. ട്രയൽ റൺ  നടത്തി വിജയിച്ചാൽ മാത്രമേ 2025-ൽ പൂർണ്ണതോതിൽ  റീ കമ്മീഷൻ ചെയ്യാനുളള പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിൽ എത്തിക്കാൻ കഴിയൂ.