യുകെയില്‍ മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

യുകെയില്‍ മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു


ലണ്ടന്‍: യുകെയില്‍ മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കമഴ്‍ന്നുവീഴാന്‍ ശ്രമിക്കവെ കിടക്കയില്‍ മുഖം അമര്‍ന്ന് ശ്വാസം മുട്ടിയായിരുന്നു അന്ത്യമെന്നാണ് റിപ്പോര്‍ട്ട്. മാഞ്ചസ്റ്ററിലെ റോച്ച്ഡെയ്‍ലില്‍ താമസിക്കുന്ന കോട്ടയം പാലാ രാമപുരം സ്വദേശികളായ ജിബിന്‍ - ജിനു ദമ്പതികളുടെ മകള്‍ ജെയ്‍‍ഡന്‍ ആണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ ആയിരുന്നു സംഭവം. അപകട വിവരം അറിഞ്ഞയുടന്‍ തന്നെ ആംബുലന്‍സ് സംഘം സ്ഥലത്തെത്തിയെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. റോയല്‍ ഓള്‍ഡ്‍ഹാം ആശുപത്രിയിലെ നഴ്‍സാണ് ജിനു. പ്രസവത്തിനായി നാട്ടില്‍ പോയിരുന്ന ദമ്പതികള്‍ ഏതാനും ആഴ്ച മുമ്പാണ് യു.കെയില്‍ തിരിച്ചെത്തിയത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ജിബിന്‍ - ദമ്പതികള്‍ക്ക് മൂത്ത രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട്.

കഴിഞ്ഞയാഴ്ച യു.കെയിലെ പ്രസ്റ്റണില്‍ പനി ബാധിച്ച് രണ്ട് വയസുകാരനായ മലയാളി ബാലന്‍ മരണപ്പെട്ടതിന്റെ വേദന മാറുന്നതിന് മുമ്പാണ് മറ്റൊരു പിഞ്ചുകുഞ്ഞിന്റെ വിയോഗ വാര്‍ത്ത കൂടി എത്തുന്നത്. പ്രസ്റ്റണില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശി ജോജിയുടെയും കൊല്ലം സ്വദേശിനി സിനിയുടെയും ഏക മകനായ ജോനാഥന്‍ ആണ് കഴിഞ്ഞ ഞായറാഴ്ച മരണപ്പെട്ടത്.