
തിരുവനന്തപുരം: ബൈക്കപകടത്തിൽ നിസാര പരിക്ക് പറ്റി യുവാവിന്റെ കയ്യിൽ മാരകായുധങ്ങളും ബാഗു കണ്ട് ദുരൂഹത തോന്നിയ ആംബുലൻസുകാർ പൊലീസ് സ്റ്റേഷനിലാണ് ആദ്യം എത്തിച്ചത്. യുവാവിൻ്റെ കൈവശമുള്ള ബാഗ് പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥർ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികളാണ് കണ്ടെടുത്തത്. നിരവധി കേസുകളിലെ പ്രതിയായ നേമം പൊന്നുമംഗലം പുത്തൻ വീട്ടിൽ കിരൺ(40) ആണ് നാടകീയമായി പിടിയിലായത്.
ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ നരുവാമൂട് ഗോവിന്ദമംഗലത്ത് ആണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബൈക്ക് തെന്നി വീണ് കിരണിന് കാലിന് നിസാര പരിക്ക് പറ്റി. സംഭവം കണ്ടവർ ഉടൻ 108 ആംബുലൻസിനെ ബന്ധപ്പെട്ടു. ആളുകൾ കൂടിയതിനാൽ പൊലീസ് എത്തുന്നതിന് മുൻപ് സ്ഥലത്ത് നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ കിരൺ ആംബുലൻസ് എത്തിയപാടെ നേരെ വാളും ബാഗും കൊണ്ട് അതിലേക്ക് കയറി. 108 ആംബുലൻസിലെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അഭിജിത്തിൻ്റെ പരിശോധനയിൽ കിരണിനു കാലിൽ നിസ്സാരമായ പരിക്കുകൾ മാത്രമേ ഉള്ളൂ എന്ന് മനസ്സിലാക്കി. പക്ഷേ കിരണിൻ്റെ പെരുമാറ്റത്തിൽ ദുരൂഹത തോന്നിയ 108 ആംബുലൻസ് ഡ്രൈവർ നവീൻ ബോസ്, നേഴ്സ് അഭിജിത്ത് എന്നിവർ ആശുപത്രിയിലേക്ക് പോകുന്നവഴി ആംബുലൻസ് നേരെ നരുവാമൂട് പൊലീസ് സ്റ്റേഷനിലേക്ക് കയറ്റി സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
കിരണിൻ്റെ പക്കൽ ഉണ്ടായിരുന്ന ബാഗ് തുറന്നു നോക്കിയ പൊലീസ് ഉദ്യോഗസ്ഥർ കണ്ടത് കവറിൽ വിൽപ്പനയ്ക്കായി പൊതികളിലാക്കി സൂക്ഷിച്ചിരുന്ന 306 ഗ്രാം കഞ്ചാവ് ആണ്. കഞ്ചാവ് വിറ്റ വകയിൽ കിട്ടിയ 21000 രിപയും ബാഗിൽ നിന്ന് പൊലീസിന് ലഭിച്ചു. തുടർന്ന് പൊലീസ് അകമ്പടിയോടെ കിരണിനെ 108 ആംബുലൻസിൽ തന്നെ ശാന്തിവിള സർക്കാർ ആശുപത്രിയിൽ എത്തിച്ച് വൈദ്യസഹായം നൽകി. തിരികെ സ്റ്റേഷനിൽ എത്തിച്ച കിരണിനെതിരെ മാരക ആയുധങ്ങൾ കൈവശം വെച്ചതിനും കഞ്ചാവ് സൂക്ഷിച്ചതിനും വകുപ്പുകൾ ചുമത്തി നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉൾപ്പടെ 40ലേറെ കേസുകളിൽ പ്രതിയായ കിരൺ ആറു തവണ ഗുണ്ടാനിയമ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിയ ശേഷം അവിടെ നിന്ന് രക്ഷപെടാൻ ആയിരുന്നു ഇയാളുടെ ശ്രമം എന്നാണ് പൊലീസ് പറയുന്നത്.