ഗതാഗതക്കുരുക്കിൽ കുടുങ്ങി പരീക്ഷ മുടങ്ങുമെന്ന് ടെന്‍ഷനടിച്ച് വിദ്യാര്‍ത്ഥിനികള്‍, പറന്നെത്തി പൊലീസുകാര്‍

ഗതാഗതക്കുരുക്കിൽ കുടുങ്ങി പരീക്ഷ മുടങ്ങുമെന്ന് ടെന്‍ഷനടിച്ച് വിദ്യാര്‍ത്ഥിനികള്‍, പറന്നെത്തി പൊലീസുകാര്‍


കൊല്ലങ്കോട്:  ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി പരീക്ഷ എഴുതാന്‍ കഴിയുമോയെന്ന ആശങ്കയിലായ മൂന്ന് പെണ്‍കുട്ടികള്‍ സഹായം തേടിയെത്തിയത് പൊലീസ് സ്റ്റേഷനിലേക്ക്. പ്ലസ് വണ്‍ പരീക്ഷയ്ക്കായി പോയ പെണ്‍കുട്ടികളാണ് റോഡിലെ ഗതാഗത കുരുക്കില്‍ കുരുങ്ങി ടെന്‍ഷനടിച്ച് വലഞ്ഞത്. പാലക്കാട് ജില്ലയിലാണ് സംഭവം. വണ്ടിത്താവളം കെകെഎം ഹയർ സെക്കൻഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം പ്ലസ് വൺ വിദ്യാർഥികളായ മീര, കാവ്യ, നവ്യ എന്നിവരാണ് സ്കൂളില്‍ സമയത്തിനെത്താന്‍ പൊലീസ് സഹായം തേടിയെത്തിയത്.

കൊല്ലങ്കോട്ടുനിന്നു വടവന്നൂർ വഴി വണ്ടിത്താവളത്തേക്കു പോകുന്ന സ്വകാര്യ ബസിലാണു കുട്ടികൾ കയറിയത്. ഒന്നര കിലോമീറ്റർ കഴിഞ്ഞപ്പോൾ ആലമ്പള്ളം ചപ്പാത്തിന്‍റെ ഭാഗത്ത് വച്ച് ഗതാഗതതടസ്സം നേരിടുകയായിരുന്നു. ഗുഡ്സ് ഓട്ടോ കേടുവന്നു ചപ്പാത്തിൽ കുരുങ്ങിയതായിരുന്നു പ്രശ്നം. കൃത്യസമയത്തു സ്കൂളിൽ എത്തിക്കാൻ കഴിയില്ലെന്നു ബസുകാർ അറിയിച്ചതോടെ കുട്ടികള്‍ ടെന്‍ഷനിലായി. പല വാഹനങ്ങൾക്കും കൈകാട്ടിയെങ്കിലും ആരും നിർത്തിയില്ല. ടാക്സി വാഹനങ്ങളിൽ പോകാൻ പണവും കയ്യില്‍ ഇല്ലാതെ വന്നതോടെ കുട്ടികള്‍ കരച്ചിലായി.

ഇതോടെയാണു കുട്ടികൾ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെത്തി സഹായം തേടിയത്. കരഞ്ഞുകൊണ്ട് സ്റ്റേഷനിലേക്ക് ഓടിച്ചെന്ന കുട്ടികളെ പൊലീസ് വാഹനത്തിൽ വണ്ടിത്താവളത്തെ പരീക്ഷാ ഹാളിൽ കൃത്യസമയത്ത് എത്തിച്ചതിന് പിന്നാലെ അധ്യാപകരെ കണ്ടു വിവരമറിയിച്ചു കുട്ടികൾ പരീക്ഷയെഴുതിയെന്ന് ഉറപ്പാക്കിയ ശേഷമാണു പൊലീസുകാര്‍ മടങ്ങിയത്.

കഴിഞ്ഞ ദിവസം ബോര്‍ഡ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ പിതാവ കൊണ്ട് ചെന്നാക്കിയത് തെറ്റായ പരീക്ഷാ ഹാളിലായതിന് പിന്നാലെ സഹായവുമായി എത്തിയത് പൊലീസുകാരനായിരുന്നു. ഇരുപത് കിലോമീറ്റര്‍ അകലെയുള്ള പരീക്ഷാ കേന്ദ്രത്തിലേക്ക് പൊലീസ് ജീപ്പില്‍ സൈറണുമിട്ടാണ് പോയത്. ഗുജറാത്തിലായിരുന്നു സംഭവം.