കാക്കയങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലെ സ്‌ഫോടനം ;സമഗ്രാന്വേഷണം വേണം: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

കാക്കയങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലെ സ്‌ഫോടനം ;സമഗ്രാന്വേഷണം വേണം: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്


കണ്ണൂര്‍: കാക്കയങ്ങാട് ബോംബ് നിര്‍മ്മാണത്തിനിടെ  വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. എന്നാല്‍ സംഭവം മൂടിവെക്കാനുള്ള ശ്രമം തുടക്കത്തിലേ ആരംഭിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ വീട്ടില്‍ സമാന സംഭവം ഉണ്ടായതായാണ് നാട്ടുകാരില്‍ നിന്നും അറിയാന്‍ സാധിച്ചത്. നിലവില്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കണ്ണൂരില്‍ ഇപ്പോഴും ബോംബ്‌നിര്‍മ്മാണമടക്കം നടക്കുന്നുണ്ടെന്നത് ആശങ്കയയുയര്‍ത്തുന്ന കാര്യമാണ്. ബിജെപിയും സിപിഎമ്മും അവരുടെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ക്ക് സംരക്ഷണമേര്‍പ്പെടുത്തുന്നതാണ് ഗൗരവമായി കാണേണ്ടത്. ബോംബുകള്‍ കണ്ടെത്താന്‍ മുമ്പുള്ളതു പോലെ പോലീസിന്റെ ഭാഗത്തു നിന്ന് റെയ്ഡുകളൊന്നും നടക്കാറില്ല. കാക്കയങ്ങാട് സംഭവത്തില്‍ കര്‍ശന നടപടി പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും നിരപരാധികളുടെ ജീവനു ഭീഷണിയാകുന്ന ബോംബ് നിര്‍മ്മാണത്തിന് തടയിടണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.