വെള്ളക്കെട്ടിനിടയാക്കുന്ന കലുങ്ക് മാറ്റാതെ ബൈപ്പാസ് റോഡ് നിർമ്മാണം പ്രതിഷേധം വ്യാപകം
ഇരിട്ടി: ഇരിട്ടി - പേരാവൂർ റോഡിൽ മഴക്കാലത്ത് ഗതാഗത തടസ്സം ഉൾപ്പെടെ ഉണ്ടാക്കുന്ന വെള്ളക്കെട്ടിന് കാരണമായ ഇടുങ്ങിയ കലുങ്ക് പുനർനിർമ്മിക്കാതെയുള്ള റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികളും വ്യാപാരികളും. ഇരിട്ടി എ ഇ ഒ ഓഫീസിനു മുൻവശത്തുള്ള പൈപ്പ് കൊണ്ട് നിർമ്മിച്ച ഇടുങ്ങിയ കൾവർട്ടാണ് മേഖലയിലെ വെള്ളക്കെട്ടിനുള്ള പ്രധാന കാരണമാവുന്നത്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ മൂന്ന് വർഷവും വെള്ളം കയറി വ്യാപാര സ്ഥാപനങ്ങൾക്കും ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെയുള്ള ഓഫീസുകൾക്കും വലിയ നാശനഷ്ടം ഉണ്ടായിരുന്നു. കീഴൂർ, കൂളിച്ചെമ്പ്ര, പയഞ്ചേരി, മേഖലയിൽ നിന്ന് ഉൾപ്പെടെ മഴവെള്ളം ഒഴുകിപ്പോകുന്നത് ഈ കൾവെർട്ട് വഴിയാണ്. ഇടുങ്ങിയ ഇവിടുത്തെ കൾവെർട്ടിലൂടെ മേഖലയിൽ നിന്നും ഒഴുകി വരുന്ന വെള്ളം മുഴുവൻ യഥാസമയം ഒഴുകിപോകാൻ കഴിയാതെ തടസ്സമുണ്ടാകുന്നതാണ് പേരാവൂർ റോഡ്, എ ഇ ഒ ഓഫീസ് ,ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, മൃഗ സംരക്ഷണ വകുപ്പിന്റെ ഓഫീസ്, സമീപ പ്രദേശത്തെ കടകൾ എന്നിവയിലെല്ലാം വെള്ളം കയറുന്നതിന് ഇടയാക്കുന്നത്. നിരന്തര പരാതികളെ തുടർന്ന് പേരാവൂർ റോഡ് ഒരു കോടി രൂപ ചെലവിൽ ഉയർത്തിയെങ്കിലും ഈ കലുങ്ക് മാറ്റി നിർമ്മിച്ചിരുന്നില്ല. ഇപ്പോൾ മിനി സിവിൽ സ്റ്റേഷന്റെ പ്രവർത്തി നടക്കുന്നതിനാൽ കുറെ ഭാഗം ഭാഗം മണ്ണിട്ട് ഉയർത്തി. ഇതിന്റെ സമീപത്ത് കൂടിയാണ് വെള്ളം ഇരിട്ടി പുഴയിലേക്ക് ഒഴുകിയിരുന്നത്.
ബൈപാസ് റോഡ് നിർമ്മിക്കുമ്പോൾ കലുങ്ക് മാറ്റി സ്ഥാപിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. റോഡിന്റെ കോൺക്രീറ്റ് പ്രവ്യത്തി ആരംഭിച്ചപ്പോഴാണ് കലുങ്ക് പഴയരീതിയിൽ നിലനിർത്താനുള്ള ശ്രമം നാട്ടുകാരുടെശ്രദ്ധയിൽപ്പെടുന്നത്. കലുങ്ക് മാറ്റുന്നതുവരെ റോഡ് കോൺക്രീറ്റ് പ്രവ്യത്തി തുടരേണ്ട എന്ന ശക്തമായ നിലാടിലാണ് നാട്ടുകാരും വ്യാപാരികളും.