കണ്ണൂരില്‍ നഗര മധ്യത്തിലെ ജ്വല്ലറിയില്‍ കവര്‍ച്ച


കണ്ണൂരില്‍ നഗര മധ്യത്തിലെ ജ്വല്ലറിയില്‍ കവര്‍ച്ച


കണ്ണൂര്‍ പയ്യന്നൂരില്‍ നഗര മധ്യത്തിലെ ജ്വല്ലറിയില്‍ കവര്‍ച്ച. സെന്‍ട്രല്‍ ബസാറിലെ പഞ്ചമി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ഒരു കിലോഗ്രാമോളം വെള്ളി ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.

രാവിലെ ഒന്‍പതരയോടെ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ടുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ജ്വല്ലറിക്കകത്തെ ഗ്ലാസ് ഡോറിന്റെ പൂട്ടും തകര്‍ത്തിരുന്നു. ട്രേകളില്‍ ഡിസ്പ്ലേ ചെയ്ത ഒരു കിലോഗ്രാമോളം വെള്ളി ആഭരണങ്ങളാണ് മോഷണം പോയത്. മേശയ്ക്കകത്ത് സൂക്ഷിച്ച 2000 രൂപയും നഷ്ടമായിട്ടുണ്ട്..

പുറത്തെ സി സി ടി വി ക്യാമറ സ്പ്രേ പെയ്ന്റടിച്ച് മറച്ച നിലയിലാണ്. മുന്‍വശത്തെ ലൈറ്റ്, പേപ്പര്‍ കൊണ്ട് മറച്ച് പെയിന്റടിച്ചിരുന്നു.

നഷ്ടമായ ആഭരണങ്ങള്‍ക്ക് ഒരു ലക്ഷം രൂപയോളം വില കണക്കാക്കുന്നു. സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച ട്രേ മോഷ്ടാക്കള്‍ക്ക് തുറക്കാന്‍ സാധിച്ചില്ല പയ്യന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.