'പ്രതികളെ പിടിക്കാനെത്തിയ പൊലീസിന്റെ ചവിട്ടേറ്റ് നവജാത ശിശു മരിച്ചു'; അന്വേഷണത്തിന് ഉത്തരവിട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി

'പ്രതികളെ പിടിക്കാനെത്തിയ പൊലീസിന്റെ ചവിട്ടേറ്റ് നവജാത ശിശു മരിച്ചു'; അന്വേഷണത്തിന് ഉത്തരവിട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി


(IANS Photo)


ജാർഖണ്ഡിൽ പൊലീസിന്റെ ചവിട്ടേറ്റ് നവജാത ശിശു മരിച്ചുവെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ഹേമന്ദ് സോറൻ. ജാർഖണ്ഡിലെ ഗിരിഥ് ജില്ലയിലാണ് സംഭവം. ഗിരിഥ് ജില്ലയിലെ കൊഷോഡിംഗി ഗ്രാമത്തിലാണ് നാല് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. ഒരു കേസിൽ പ്രതികളായ രണ്ടു പേരെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസിന്റെ ചവിട്ടേറ്റാണ് കുഞ്ഞ് മരിച്ചതെന്നാണ് ആരോപണം.

പ്രതികളെ അറസ്റ്റ് ചെയ്യാൻ ജാമ്യമില്ലാ വറണ്ടുമായാണ് പൊലീസുകാർ വീട്ടിലെത്തിയത്. വീട്ടിൽ തിരച്ചിൽ നടത്തുന്നതിനിടയിൽ ഉദ്യോഗസ്ഥരുടെ ബൂട്ടിനടിയിൽപെട്ട് നാല് ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചുവെന്നാണ് പരാതി. പ്രഥമദൃഷ്ട്യാ കുഞ്ഞിന്റെ ശരീരത്തിൽ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂവെന്ന് ഗിരിഥ് പൊലീസ് സൂപ്രണ്ട് അമിത് രേണു പറഞ്ഞതായി പിടിഐ റിപ്പോർട്ടിൽ പറയുന്നു.

കുഞ്ഞ് മരിച്ചത് പൊലീസ് ഉദ്യോഗസ്ഥരുടെ ചവിട്ടേറ്റാണെന്നതിന് നിലവിൽ തെളിവില്ലെന്നും ആരോപണത്തിൽ സത്യമുണ്ടെന്ന് കണ്ടെത്തിയാൽ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നും എസ്പി അറിയിച്ചു.

മരിച്ച കുഞ്ഞിന്റെ മുത്തശ്ശനായ ഭൂഷൺ പാണ്ഡേയേയും മറ്റൊരാളേയും അറസ്റ്റ് ചെയ്യാനാണ് പൊലീസ് എത്തിയത്. പൊലീസ് ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ കൊന്നതെന്ന് ഭൂഷൺ പാണ്ഡ‍േ ആരോപിക്കുന്ന വീഡിയോ സോഷ്യൽ‌മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ അന്വേഷണത്തിന് ഉത്തരവിട്ടത്.

ബുധനാഴ്ച്ച പുലർച്ചെ 3.20 നാണ് പൊലീസുകാർ വീട്ടിൽ റെയ്ഡിന് എത്തിയതെന്നാണ് ഭൂഷൺ കുമാർ വീഡിയോയിൽ പറയുന്നത്. വാതിൽ തുറക്കാതിരുന്നതോടെ ചവിട്ടി തുറന്നു. ഇതോടെ താൻ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയോടി. വീട് മുഴുവൻ പരിശോധിച്ച പൊലീസുകാർ ഉറങ്ങിക്കിടന്ന കുഞ്ഞിനെ ചവിട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് ഇയാൾ ആരോപിക്കുന്നത്.

അതേസമയം, എന്ത് കേസിന്റെ പേരിലാണ് പുലർച്ചെ ഭൂഷൺ പാണ്ഡേയുടെ വീട്ടിൽ റെയ്ഡ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.